തൃശൂര്‍: കൂടിയ അന്തരീക്ഷ ഈര്‍പ്പമാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട് (ഫീല്‍ ടെംപറേച്ചര്‍) കഠിനമാക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍.
താരതമ്യേന കുറഞ്ഞ അന്തരീക്ഷ താപനില ഉണ്ടായാല്‍ പോലും ഈര്‍പ്പത്തിന്റെ അംശം കൂടുതലാണെങ്കില്‍ അനുഭവിക്കുന്ന ചൂട് യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ വളരെ കൂടിയിരിക്കും. കേരളത്തിലെ കടലും ജലാശയങ്ങളും മൂലം ബാഷ്പീകരണം നന്നായി നടക്കുന്നതാണ് ഈര്‍പ്പ സാന്നിധ്യം കൂടാന്‍ കാരണം. 60 ശതമാനത്തിന് മുകളില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പ സാന്നിധ്യമുണ്ട്. ഇതാണ് പുഴുക്ക് വല്ലാതെ വര്‍ധിപ്പിക്കുന്നത്.
ഈര്‍പ്പം കൂടിയ സാഹചര്യത്തില്‍ ശരീരത്തില്‍ ബാഷ്പീകരണം നടക്കാത്തതിനാല്‍ അസ്വസ്ഥത കഠിനവുമാവും. ആറു ജില്ലകളില്‍ സൂര്യാഘാത സാധ്യത പ്രവചിച്ചതിന് പിന്നിലെ കാരണവും ഇതാണ്. ഒപ്പം ഭൗമവികിരണങ്ങള്‍ തിരിച്ച് ബഹിരാകാശത്തിലേക്ക് പോകുന്നത് തടയപ്പെടുന്നതാണ് രാത്രിയില്‍ ചൂട് കൂടാനിടയാക്കുന്നത്.
പുലര്‍ച്ചെ പോലും വിയര്‍ക്കുന്ന സാഹചര്യമാണിത് സൃഷ്ടിക്കുന്നത്. നിലവില്‍ സ്വയം നിയന്ത്രിത താപമാപിനികളില്‍ മാത്രമാണ് 40 സെന്റി ഗ്രേഡിന് മുകളില്‍ ചൂട് രേഖപ്പെടുത്തുന്നത്. നട്ടുച്ച സമയത്താണ് സൗര വികിരണ തോത് കൂടുതലുണ്ടാവുന്നത്. എന്നാല്‍, കൂടിയ താപനില രേഖപ്പെടുത്തുന്നത് രണ്ടിനും മൂന്നിനും ഇടയിലാണ്. ഒരു ദിവസത്തെ കൂടിയ താപനിലയും ആ ദിവസത്തെ അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവുമാണ് അനുഭവപ്പെടുന്ന ചൂടിനെ നിര്‍ണയിക്കുന്നത്.
തെളിഞ്ഞ ആകാശത്തില്‍ മാത്രമേ ഭൗമവികരണങ്ങളുടെ തിരിച്ചുപോക്ക് സാധ്യമാവൂ. മേഘാവൃതമായ അന്തരീക്ഷത്തില്‍ ഇത് അസാധ്യമാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മേഘരൂപവത്കരണം അനുകൂലഘടകമാണ്. ഈ ആഴ്ചയില്‍ അവസാനം കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വ്യതിയാന ഗവേഷകന്‍ ഡോ. ചോലയില്‍ ഗോപകുമാര്‍ വ്യക്തമാക്കി. ഇതോടെ കനത്തചൂടിന് അല്‍പം ആശ്വാസമുണ്ടാവും. കടലില്‍ നിന്നുള്ള ഈര്‍പ്പത്തിന് അപ്പുറം പ്രാദേശിക ഘടകങ്ങള്‍ കൂടി ഒത്തുവന്നാല്‍ മാത്രമേ മഴ സാധ്യത നിഴലിക്കൂ. അതേസമയം മാര്‍ച്ച് 15നും 20നുമിടയില്‍ കേരളത്തിന് പരമ്ബരാഗതമായി വേനല്‍മഴ ലഭിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
നിര്‍ജലീകരണം, ദേഹാസ്വാസ്ഥ്യം; ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടു കൂടുന്നതിനൊപ്പം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉന്നതതല യോഗത്തിനുശേഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങള്‍ എന്നിവക്കെതിരെ ജാഗ്രത വേണം. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
കടകളില്‍നിന്നും പാതയോരങ്ങളില്‍നിന്നും ജ്യൂസ് കുടിക്കുന്നവര്‍ നല്ല വെള്ളവും ഐസ് ശുദ്ധജലത്തില്‍ ഉണ്ടാക്കിയതാണെന്നും ഉറപ്പുവരുത്തണം. പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും ചേര്‍ന്ന് ജ്യൂസ് കടകളിലുപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുള്ളതാണോയെന്ന് പരിശോധന നടത്തും. തീപിടിത്തം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ജാഗ്രത പുലര്‍ത്തണം -മന്ത്രി വ്യക്തമാക്കി.