ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ ആഞ്ഞടിച്ച് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണ്. വിശ്വാസത്തില്‍ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നില നില്‍ക്കുന്നില്ല. നമ്മള്‍ ആരാധിക്കുന്ന ഈശ്വരനെ നിന്ദ്യവും നീചവുമായി അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒരു തരത്തിലും വിട്ട് വീഴ്ചയില്ലാത്ത എതിര്‍പ്പിനെ നേരിടേണ്ടി വരും. സ്പീക്കറിന്റേത് ചങ്കില്‍ തറച്ച പ്രസ്താവനയാണ്. വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നില്‍ക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
സ്പീക്കര്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. എനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചു കൊണ്ട് തന്നെ മാപ്പു പറയണം. അല്ലാത്തപക്ഷം സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണം. സ്പീക്കര്‍ രാജി വെക്കണമെന്നാവശ്യപ്പെടുന്നില്ല. ഇത്രയും മോശമായരീതിയില്‍ സംസാരിച്ച ആള്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് പറഞ്ഞിട്ടുണ്ട്. മുസ്ലിം സഹോദരങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നുണ്ട്. അവരില്‍ ഏറെയും നല്ല ആളുകളാണ്. എന്നാല്‍ ചില പുഴുക്കുത്തുകള്‍ ഉണ്ട്. അവരുടെ ലക്ഷ്യം രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈന്ദവന്റേത് എല്ലാ മതങ്ങളെ സ്‌നേഹിച്ചു കൊണ്ടും അവരവരുടെ ആരാധനയെ ശരിവെച്ചുകൊണ്ടും മുന്നോട്ട് പോകുന്ന പാരമ്പര്യമാണ്. എന്നാല്‍ നമ്മള്‍ ആരാധിക്കുന്ന ഈശ്വരനെ നിന്ദ്യവും നീചവുമായി അപമാനിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും. ഇക്കാര്യത്തില്‍ ബിജെപിയും ആര്‍എസ്എസും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ശാസ്ത്രത്തിന് അടിസ്ഥാനം പറയാന്‍ ഗണപതിയുടെ കാര്യത്തില്‍ മാത്രമേയുള്ളോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
വിവാദ പരാമര്‍ശത്തില്‍ പരസ്യ പ്രതിഷേധത്തിന് തുടക്കമിട്ടിരിക്കുകയാണ് എന്‍എസ്എസ്. ഇന്ന് എല്ലാ താലൂക്ക് യൂണിയനുകളും വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളും വീടിന് സമീപത്തെ ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തണമെന്നും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കണമെന്നും ജി സുകുമാരന്‍ നായര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നും നേതൃത്വം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. പുഷ്പക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം’ എന്നായിരുന്നു ഷംസീറിന്റെ വിവാദ പ്രസ്താവന. ഇതാണ് എന്‍എസ്എസിനെയും മറ്റ് ചില ഹിന്ദു സംഘടനകളെയും പ്രകോപിപ്പിച്ചത്.