ചൈനീസ് പ്രസിഡന്റായി തുടർച്ചയായ മൂന്നാം തവണയും ഷി ജിൻപിങ്

0
74

ചൈനീസ് പ്രസിഡന്റായി തുടർച്ചയായ മൂന്നാം തവണയും ഷി ജിൻപിംഗിനെ തിരഞ്ഞെടുത്തു. ചൈനയിലെ റബ്ബർ സ്‌റ്റാമ്പ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി)യിലെ മൂവായിരത്തോളം അംഗങ്ങൾ ഷി ജിൻപിഗിനെ പ്രസിഡന്റാക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്‌തതോടെയാണ് വെള്ളിയാഴ്‌ച പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കൽ കൂടി ഷി തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് മറ്റൊരു സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ലെന്നാണ് റോയിറ്റേഴ്‌സ് റിപ്പോർട്ട്. അതേസമയം, ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായും ഷി മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ പാർലമെന്റ് ചെയർ ആയി ഷാവോ ലെജിയെയും, പുതിയ വൈസ് പ്രസിഡന്റായി ഹാൻ ഷെങിനെയും ചൈനീസ് പാർലമെന്റ് ഇന്ന് തിരഞ്ഞെടുത്തു. നേരത്തെ പൊളിറ്റ് ബ്യൂറോ സ്‌റ്റാൻഡിംഗ് കമ്മിറ്റിയിലെ പാർട്ടി നേതാക്കളുടെ മുൻ സംഘത്തിൽ ഇരുവരും ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ, കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിംഗ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ വിജയങ്ങൾക്കൊപ്പം, മാവോ സെതൂങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന നിലയിൽ ഷി പിടിമുറുക്കുകയാണ്.

2018ൽ ഷി ജിൻപിംഗ് തന്നെ രണ്ട് തവണ മാത്രമേ പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാവൂ എന്ന പരിധി എടുത്തുകളഞ്ഞത് എടുത്തു പറയേണ്ടതാണ്. ഇതിനർത്ഥം വിരമിക്കുകയോ, മരിക്കുകയോ, പുറത്താക്കപ്പെടുകയോ ചെയ്യുന്നതുവരെ ഷി ജിൻപിംഗിന് ചൈന ഭരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here