മധുര: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുന്ന തമിഴ്നാട്ടിലെ മധുര എയിംസ് ഒന്നാംഘട്ടം ഡിസംബറിൽ പൂർത്തിയാകും. മധുര തോപ്പൂരിലാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നിർമിക്കുന്നത്. നിലവിൽ 24 ശതമാനം പ്രവൃത്തി പൂർത്തിയാതായി അധികൃതർ അറിയിച്ചു.
തോപ്പൂരിൽ 220 ഏക്കർ സ്ഥലത്താണ് എയിംസ് നിർമാണം പുരോഗമിക്കുന്നത്. 2021 കോടി രൂപ ചെലവിൽ രണ്ടുഘട്ടങ്ങളിലായി എയിംസ് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം മെയിലാണ് നിർമാണം തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ അക്കാദമിക് കാമ്പസ്, ഔട്ട് പേഷ്യൻ്റ് വിഭാഗം, വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയാണ് നിർമിക്കുന്നത്.
മധുര എയിംസിൻ്റെ ഒന്നാം ഘട്ട നിർമാണം 18 മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.24 ശതമാനം പ്രവൃത്തി കഴിഞ്ഞതോടെ ഡിസംബറിൽത്തന്നെ ഒന്നാംഘട്ടം തീരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 42 വിഭാഗമായിട്ടാണ് നിർമാണം അതിവേഗം നടത്തുന്നത്
900 കിടക്കകളുള്ള ആശുപത്രിയാണ് തോപ്പൂരിൽ വരാൻപോകുന്നത്. ദിവസം 5,000 രോഗികളെ പരിശോധിക്കാൻ കഴിയുന്ന വിധത്തിലുള്ള ഔട്ട് പേഷ്യൻ്റ് വിഭാഗമാണ് നിർമിക്കുന്നത്. എയിംസിൽ ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാരീതികൾക്കും മുൻഗണന നൽകുന്നുണ്ട്.
2015ലാണ് തമിഴ്നാട്ടിൽ എയിംസ് നിർമിക്കാനുള്ള തീരുമാനം വരുന്നത്. 2018ൽ മധുര തോപ്പൂർ ഇതിനായി തെരഞ്ഞെടുത്തു. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, മെച്ചപ്പെട്ട റോഡ് സൗകര്യങ്ങൾ എന്നിവ പരിഗണിച്ചാണു മധുരയിൽ എയിംസ് അനുവദിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് മധുരയിലേക്കു ട്രെയിന്‍, ബസ് സൗകര്യമുണ്ട്. അതുകൊണ്ട് തന്നെ മധുര എയിംസ് മലയാളികൾക്കും പ്രയോജനപ്പെടും.
അതിനിടെ കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി 153.46 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും നിര്‍ദേശിക്കപ്പെട്ട പദ്ധതിക്കായി തൻ്റെ പിടി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ നിന്ന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കിയിരുന്നുവെന്നും പിടി ഉഷ സഭയില്‍ പറഞ്ഞിരുന്നു.
കിനാലൂരിലെ കാലാവസ്ഥ എയിംസിന് അനുയോജ്യമാണ്. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിൻ്റെ ഗുണങ്ങള്‍ ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു. അതേസമയം ഇക്കാര്യത്തിൽ ഇതുവരെയും അനുകൂല നടപടി കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.