ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്‌റ്റിന് ഇന്ന് അഹമ്മദാബാദിൽ തുടക്കമാവും. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം അഹമ്മദാബാദിൽ വിജയിച്ച് തുടർച്ചയായ രണ്ടാം ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള ശ്രമത്തിലാണ്. മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ ഇന്ത്യ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും ശ്രമിക്കുക.
ഈ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് ജൂണിൽ നടക്കുന്ന ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യാതൊരു തടസവുമില്ലാതെ നേരിട്ട് കയറാം. എന്നാൽ സമനിലയോ തോൽവിയോ ആണ് ഫലമെങ്കിൽ ശ്രീലങ്ക-ന്യൂസിലാൻഡ് പരമ്പരയിലെ മത്സര ഫലത്തെ ആശ്രയിച്ചാവും ഇന്ത്യയുടെ ഭാവി. അതിനാൽ തന്നെ ജയം തന്നെയാവും ഇന്ത്യയുടെ ലക്ഷ്യം. ഇൻഡോറിലെ മൂന്നാം ടെസ്‌റ്റ് വിജയിച്ച ഓസീസ് ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പാക്കി കഴിഞ്ഞു.
വിരാട് കോഹ്‌ലി (111), ചേതേശ്വർ പൂജാര (98) എന്നീ മുതിർന്ന താരങ്ങളുടെ ഫോമില്ലായ്‌മ ഇന്ത്യയ്ക്കുണ്ടാക്കുന്ന തലവേദ ചെറുതല്ല. ക്യാപ്റ്റൻ രോഹിതിന് (207) ശേഷം പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാമത് ഓൾറൗണ്ടർ അക്‌സർ പട്ടേലാണ് (185) എന്നത് ബാറ്റർമാർ ഇതുവരെ നേരിട്ട ബുദ്ധിമുട്ടുകളുടെ തോത് ഉയർത്തിക്കാട്ടുന്നു.
മറുവശത്ത് സ്‌റ്റീവ് സ്‌മിത്ത് ആവട്ടെ കമ്മിൻസ് ഇല്ലാതെ വന്നതോടെ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം തുടർച്ചയായ രണ്ടാം ജയം നേടി പരമ്പര സമനിലയിലാകുക എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. ആദ്യ രണ്ട് ടെസ്‌റ്റുകളും അനായാസം ജയിച്ച ഇന്ത്യയെ മൂന്നാം ടെസ്‌റ്റിൽ വെള്ളം കുടിപ്പിച്ച സ്‌മിത്തിനും സംഘത്തിനും അഹമ്മദാബാദിൽ ജയിക്കാൻ കഴിഞ്ഞാൽ അത് ചരിത്രമാകും.
സ്‌ക്വാഡ്:
ഓസ്‌ട്രേലിയ: സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ട്രാവിസ് ഹെഡ്, ഉസ്‌മാൻ ഖവാജ, മാറ്റ് കുഹ്‌നെമാൻ, മാർനസ് ലാബുഷാഗ്നെ, നഥാൻ ലിയോൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്‌റ്റീവ് സ്‌മിത്ത് (ക്യാപ്റ്റൻ), മിച്ചൽ സ്‌റ്റാർക്ക്.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎസ് ഭരത്, ഇഷാൻ കിഷൻ, രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൂര്യകുമാർ യാദവ്, ജയദേവ് ഉനദ്കട്ട്.