ലോകമെങ്ങും പ്രത്യേകിച്ചും കേരളത്തില്‍ മനുഷ്യ – വന്യജീവി സംഘര്‍ഷം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ കൃഷിയിടത്തിലേക്ക് ഇറങ്ങിയ മൂന്ന് ആനകള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ചരിഞ്ഞത്. അതേ സമയം കേരളത്തിലെ മൂന്നാറില്‍ പടയപ്പ, അരി കൊമ്പന്‍, ചക്ക കൊമ്പന്‍, മുട്ടവാലന്‍ എന്നീ കാട്ടാനകളുടെ ശല്യം പ്രദേശവാസികള്‍ക്ക് അസഹനീയമായി. ജനവാസ മേഖലയില്‍ ഇറങ്ങിയുള്ള ശല്യം കാരണം അരികൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങളുമായി വനം വകുപ്പ് സജീവമായി. ഇതിനിടെയാണ് ട്വിറ്ററില്‍ ഒരു ആന വീഡിയോ വൈറലായത്.
യോഗ ക്ലിനിക്ക് നടത്തുന്ന ഡോ അജയിതയാണ് വീഡിയോ പങ്കുവച്ചത്. കിഴക്കനേഷ്യന്‍ രാജ്യമായ തായ്‍ലന്‍റില്‍ നിന്നുള്ള വീഡിയോയാണ് അവര്‍ തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂട പങ്കുവച്ചത്. “ശ്രദ്ധിക്കുക, ആന വഴി മുറിച്ച് കടക്കുന്നു” എന്ന് തായ് ഭാഷയിലും ഇംഗ്ലീഷിലും എഴുതിയ ഒരു ബോര്‍ഡിന് താഴെ റോഡിന് പുറത്തായി ഒരു ആന നില്‍ക്കുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതും കാണാം. പെട്ടെന്ന് എതിരെ വരുന്ന ഒരു കരിമ്പ് ലോറി ആനയെ മറികടന്ന് പോകാന്‍ ശ്രമിക്കുമ്പോള്‍ ആന റോഡിലേക്ക് കയറിവന്ന് വാഹനം തടയുന്നു. പിന്നീട് ലോറിയുടെ പുറകില്‍ അടുക്കി വച്ചിരിക്കുന്ന കരിമ്പുകളില്‍ നിന്ന് ഒരു തുമ്പിക്കൈയില്‍ കൊള്ളാവുന്നത്രയും വലിച്ചെടുത്ത് റോഡ് വശത്ത് നിന്ന് തന്നെ കഴിക്കുന്നു. ഈ സമയമത്രയും റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നുണ്ട്. മറ്റൊരു കരിമ്പ് വണ്ടി വരുമ്പോള്‍ ആന തന്‍റെ കലാപരിപാടി തുടരുന്നു. ‘ട്രോളിലെ ടാക്സ് കലക്റ്റര്‍’ എന്ന് പറഞ്ഞ് കൊണ്ടാണ് ഡോ അജയിത വീഡിയോ പങ്കുവച്ചത്.
ആ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് ഏറെ പരിചിതനാണ് ആനയെന്ന് വ്യക്തം. കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ആനയുടെ സമീപത്ത് കൂടി പോകുമ്പോളും ആന അസ്വസ്ഥനല്ല. അവന്‍ തനിക്ക് കിട്ടിയ കരിമ്പ് ഓരോന്നായി ഒടിച്ച് ആസ്വദിച്ച് കഴിക്കുന്ന തിരക്കിലാണ്. എന്നാല്‍ കരിമ്പ് കൊണ്ടുവരുന്ന വാഹനങ്ങളെ അവന്‍ തന്‍റെ ഷെയര്‍ ലഭിച്ച ശേഷം മാത്രമേ കടത്തി വിട്ടൊള്ളൂ. വീഡിയോ പെട്ടെന്ന് തന്നെ ട്വിറ്ററില്‍ വൈറലായി. “ശ്രദ്ധേയമായ കാര്യം അതിന് അത്യാഗ്രഹമല്ലെന്നതാണ്. ഓരോ ട്രക്കിൽ നിന്നും ഒരു വായില്‍ കൊള്ളാവുന്നത് എടുത്ത ശേഷം അവരെ പോകാന്‍ അനുവദിക്കുന്നു. ” ഒരാള്‍ കുറിച്ചു. ‘ഏങ്ങനെയെങ്കിലും മുന്നോട്ട് പോകാന്‍ ശ്രമിക്കേണ്ടതിന് പകരം ആളുകള്‍ അതുമായി പൊരുത്തപ്പെടുന്നത് ഏറെ സന്തോഷം തരുന്നു. അവര്‍ക്ക് അത് ശീലമാണെന്ന് തോന്നുന്നു. ‘പഞ്ചസാരയുടെ അളവ് പരിശോധിക്കാന്‍, മില്ലുടമകള്‍ നിര്‍ത്തിതയാണ് ആനയെ’ എന്നായിരുന്നു വേറൊരാളുടെ കുറിപ്പ്.