പൊങ്കാല നടത്തിപ്പിന്റെ അമരത്ത് 2 വനിതകൾ.

0
198

തിരുവനന്തപുരം • ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ആറ്റുകാൽ പൊങ്കാല നടത്തിപ്പിന്റെ അമരത്ത് ഇക്കുറി 2 വനിതകൾ. ക്ഷേത്ര ട്രസ്റ്റ് ചെയർപഴ്സൻ എ.ഗീതാകുമാരിയും ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ജി. ജയലക്ഷ്മിയുമാണ് അവർ. 10 ദിവസം നീണ്ട ഉത്സവ നടത്തിപ്പിൽ നിർണായക ചുമതലകൾ രണ്ടു വനിതകളുടെ ചുമലിൽ എത്തുന്നത് ആറ്റുകാലിന്റെ ചരിത്രത്തിൽ ആദ്യം. ക്ഷേത്രത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആകെ നിയന്ത്രണം ട്രസ്റ്റിനാണ്.

നിലവിലെ ചെയർപഴ്സനായ എ. ഗീതാകുമാരി 2008 ലാണ് ട്രസ്റ്റിൽ അംഗമാകുന്നത്. 2020 ൽ ഭരണ സമിതിയിലെത്തി. കഴിഞ്ഞ വർഷം ചെയർമാൻ സ്ഥാനത്തേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ആദ്യ വനിതാ അധ്യക്ഷയാകുന്നത്. ദേവിയുടെ അനുഗ്രഹത്താൽ പൊങ്കാല ഉത്സവ നടത്തിപ്പിനു ചുക്കാൻ പിടിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഗീതാകുമാരി പറഞ്ഞു. ദി ഹിന്ദു മുൻ ചീഫ് ഓഫ് ബ്യൂറോ കെ.എം. തമ്പിയാണ് ഭർത്താവ്.

ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ജി. ജയലക്ഷ്മി 2017 ലാണ് ട്രസ്റ്റിൽ അംഗമാകുന്നത്. അമ്മ ഗോമതിയമ്മയ്ക്ക് സുഖമില്ലാതായപ്പോഴാണ് ജയലക്ഷ്മിക്ക് അംഗത്വം കൈമാറിയത്. 2021 ൽ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽ എത്തി. എല്ലാം ആറ്റുകാലമ്മയുടെ അനുഗ്രഹമാണെന്നും ചുമതല വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു. ടെക്‌നോപാർക് മുൻ സിഇഒ വി.ജെ.ജയകുമാർ ആണ് ഭർത്താവ്. ട്രസ്റ്റ് ഭാരവാഹിത്വത്തിലും ഉത്സവ കമ്മിറ്റിയിലും ഏറെ സ്ത്രീ പ്രാതിനിധ്യമുണ്ടെന്നതാണ് ആറ്റുകാലിലെ പ്രത്യേകത.

LEAVE A REPLY

Please enter your comment!
Please enter your name here