സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൂര്യ 42 (താൽക്കാലിക പേര്). വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 3D ചരിത്ര സിനിമയായി ഒരുങ്ങുന്ന ചിത്രത്തിന് വൻ പ്രീ ബിസിനസ് ലഭിച്ചതായാണ് റിപ്പോർട്ട്. ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചിരിക്കുന്നത് മൂവീ ട്രാക്കേഴ്സായ ലെറ്റ്സ് സിനിമ ട്വീറ്റ് ചെയ്തു.
നേരത്തെ പുറത്തുവന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്ററിൽ സൂര്യ- അരത്താർ, വെങ്കിട്ടർ, മണ്ടക്കാർ, മുകത്താർ, പെരുമനാഥർ എന്നിങ്ങനെ അഞ്ച് കഥാപാത്രങ്ങളായാണ് എത്തിയത്. 1000 വർഷം പഴക്കമുള്ള ഒരു ഫാന്റസി ചിത്രമാണ് സൂര്യ 42 എന്നാണ് ചിത്രത്തിന്റെ എഡിറ്റർ നിഷാദ് യൂസഫ് ഒരു വെബ്സൈറ്റിനോട് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ 35 ദിവസത്തെ ആദ്യ ഷെഡ്യൂൾ ഗോവയിൽ ചിത്രീകരിച്ചിരുന്നു. സൂര്യ 42-ന്റെ പശ്ചാത്തല കഥ ശ്രീലങ്കയിലാണ് ചിത്രീകരിക്കുക. ഈ ഷെഡ്യൂൾ 60 ദിവസം നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടുണ്ട്. സൂര്യയ്ക്ക് മറ്റൊരു സിനിമയുടെ ചിത്രീകരണം ഉള്ളതിനാൽ ശ്രീലങ്കൻ ഷെഡ്യൂൾ 2023 മാർച്ച്-ഏപ്രിലിൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.