സംസ്ഥാനത്ത് വേനൽചൂട് ശക്തമാകുന്നു. ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത. കണ്ണൂരും കാസര്‍കോടും പാലക്കാടും താപനില ഇന്നലെ 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന എതിര്‍ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളില്‍ താപനില ഉയരാന്‍ കാരണം. അടുത്ത ദിവസങ്ങളിലും താപനില കൂടുതലാവാന്‍ തന്നെയാണ് സാധ്യതയെന്നാണ് അറിയിപ്പ്. എന്നാല്‍ ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല
ഇന്നലെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കണ്ണൂരിലെ ഇരിക്കൂറിലാണ്. 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയത്.പാലക്കാട് എരിമയൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യസും കാസര്‍കോട് പാണത്തൂരില്‍ 40.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.
രാവിലെ 11 മണി മുതൽ വൈകീട്ട് 3-3.30 വരെയുള്ള സമയത്ത് ശരീരത്തിലേക്ക് നേരിട്ട് ചൂട് അടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചൂട് ആകിരണം ചെയ്യുന്ന നിറങ്ങളും വസ്ത്രങ്ങളും ധരിക്കാതെ അയഞ്ഞ ഇളം വസ്ത്രങ്ങൾ ധരിക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.