ജയ്പുര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ മറികടക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനായി രാജസ്ഥാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനു തുടക്കമായി. മൂന്നു ബില്ലുകള്‍ ശനിയാഴ്ച സഭയില്‍ അവതരിപ്പിച്ചു. കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയതാണു ബില്ലുകള്‍.കാര്‍ഷിക കരാറുകള്‍ പ്രകാരം വിളകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും തറവിലയ്ക്കൊപ്പമോ അതില്‍ കൂടുതലോ വില ഉറപ്പാക്കുക, കര്‍ഷകരെ വഞ്ചിക്കുന്നവര്‍ക്കു മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ, തറവിലയില്‍ കുറഞ്ഞ കച്ചവടത്തിനുള്ള കരാറുകള്‍ നിയമ വിരുദ്ധമായിരിക്കും തുടങ്ങിയവ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.സംസ്ഥാനത്തു കാര്‍ഷിക വിഭവങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്കു സര്‍ക്കാരിന്റെ നികുതികള്‍ ബാധകമായിരിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനിടെ കേന്ദ്രം പാസാക്കിയ ബില്ലുമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന ദുരിതം മറികടക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.