മനുഷ്യ നിര്‍മ്മിതികള്‍ പലതും മൃഗങ്ങള്‍ നിഷ്പ്രയാസം തകര്‍ക്കുന്ന നിരവധി വീഡിയോകള്‍ ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ആ ഗണത്തിലേക്ക് മറ്റൊരു വീഡിയോ കൂടി കടന്ന് വരികയാണ്. മൃഗങ്ങളുടെ അസാധരണ വീഡിയോകള്‍ പലതും പുറത്തിറങ്ങിയ അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്ന് തന്നെയാണ് ഇത്തവണത്തെ വീഡിയോയും വന്നത്.
ഫ്ലോറിഡയിലെ പ്ലാസിഡ പട്ടണത്തില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. റോഡിലൂടെ നടന്ന് വന്ന ഒരു വലിയ മുതല റോഡില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ വഴി തേടിയെങ്കിലും ഇരുവശത്തും വലിയ നീളമുള്ള ഇരുമ്പുകമ്പികള്‍ കൊണ്ട് വേലി തീര്‍ത്തതിരുന്നതിനാല്‍ അതിന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സ്വന്തം തല ഉപയോഗിച്ച് ഇരുമ്പ് കമ്പികള്‍ ഇരുവശങ്ങളിലേക്കും വളച്ച് വച്ച മുതല അതിനിടയിലൂടെ അപ്പുറം കടക്കുന്നതാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്.
എന്നാല്‍, ആ ഇരുമ്പു വേലി പകുത്തുമാറ്റി കടന്ന് പോവുക അത്രയ്ക്ക് എളുപ്പമായിരുന്നില്ലെന്ന് വീഡിയോ കണ്ടാല്‍ അറിയാം. ഏറെ ശ്രമം നടത്തിയ ശേഷമാണ് മുതലയ്ക്ക് ഇരുമ്പ് കമ്പി വളയ്ക്കാന്‍ കഴിഞ്ഞത്. ആദ്യം മുഖം ഉപയോഗിച്ച് കമ്പികള്‍ ഇരുവശങ്ങളിലേക്ക് അകത്തുകയും. പിന്നീട് ആ ഇടയിലൂടെ തന്‍റെ തലകേറ്റിയ മുതല ശരീരം മുഴുവനും ഉപയോഗിച്ച് കൊണ്ടാണ് ഇരുമ്പ് വേലിയുടെ തടസം നീക്കിയത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെ കമന്‍റുമായി നിരവധി പേരാണ് എത്തിയത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ഫ്ലോറിഡയിലെ നിര്‍മ്മാണങ്ങളെ പഴിച്ച് കൊണ്ട് രംഗത്തെത്തിയത്.