വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് സ്‌കിൻ ക്യാൻസർ. തുടർന്ന് അദ്ദേഹത്തിന്റെ മുറിവുള്ള ത്വക്ക് വിജയകരമായി നീക്കം ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. എല്ലാമാസവും നടത്തുന്ന പരിശോധനയ്ക്കിടെയാണ് മുറിവ് കണ്ടെത്തിയത്. മുറിവ് അർബുദത്തിന്റെ ഭാഗമാണ്. ഈ മുറിവ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരില്ലെന്ന് ഫിസിഷ്യൻ കെവിൻ ഒ കോണർ പറഞ്ഞതായും വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
എല്ലാ ക്യാൻസർ ടിഷ്യൂകളും വിജയകരമായി നീക്കം ചെയ്തു. ബൈഡന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിലുള്ള ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഡെർമറ്റോളജിക്കൽ നിരീക്ഷണം തുടരുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ഫെബ്രുവരി 16നാണ് ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. നെഞ്ചിലാണ് ചെറിയ മുറിവ് കണ്ടെത്തിയത്.
ജോ ബൈഡന് ബാധിച്ചിരിക്കുന്നത് ചർമ്മത്തിന്റെ മുകൾ ഭാഗത്തുണ്ടാകുന്ന നോൺ-മെലനോമ സ്‌കിൻ ക്യാൻസർ ആണ്. ഇത് മെലനോമ അല്ലെങ്കിൽ സ്‌ക്വാമസ് സെൽ അർബുദം പോലുള്ള കൂടുതൽ ഗുരുതരമായ ത്വക്ക് അർബുദങ്ങളേക്കാൾ നിരുപദ്രവകരമായ അർബുദമാണെന്നും ബൈഡനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. 2024ൽ രണ്ടാം പ്രസിഡൻഷ്യൽ ടേമിലേക്ക് പ്രതീക്ഷിക്കുന്ന മത്സരത്തിന് തയ്യാറെടുക്കുന്ന ബൈഡന്റെ ആരോഗ്യം സൂക്ഷ്മ നിരീക്ഷണത്തിലാണ്.