കരണ്ട് ബില്ലോ വാട്ടർ ബില്ലോ എന്തുമാകട്ടെ സാധാരണഗതിയിൽ നമ്മുടെ വീടുകളിൽ എത്തുന്ന ഇത്തരം ബില്ലുകളെ കുറിച്ച് ഒരു ധാരണ നമ്മുക്കുണ്ടാകും. ഈടാക്കിയേക്കാവുന്ന തുകയെ കുറിച്ച് ഒരു ഏകദേശം കണക്ക് എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും. മനസ്സിൽ കരുതിയ തുകയിൽ നിന്ന് അല്പം ഒന്നു കൂടിയാൽ പോലും പലപ്പോഴും നമ്മൾ അസ്വസ്ഥരാകാറുണ്ട്. അങ്ങനെയുള്ളപ്പോൾ വാട്ടർ ബില്ല് ആയി ലക്ഷങ്ങൾ വന്നാൽ എന്തായിരിക്കും സ്ഥിതി. അതെ കൈയില്‍ കിട്ടിയ വാട്ടർ ബില്ല് കണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് വെയിൽസിൽ നിന്നുള്ള ഒരു യുവതി.
വെയിൽസിലെ ബ്രിഡ്ജൻഡിൽ നിന്നുള്ള ക്ലെയർ ഫിറ്റ്സ്പാട്രിക്കിനാണ് ഇത്തരത്തിൽ 16,000 പൗണ്ടിന്‍റെ അതായത് 15 ലക്ഷം രൂപയുടെ വാട്ടർ ബില്ല് വന്നത്. കഴിഞ്ഞ വർഷം ആദ്യമാണ് ഇവർ തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. എന്നിട്ടും എന്തുകൊണ്ടാണ് വെൽഷ് വാട്ടറിന് നൽകാനുള്ള വേനൽക്കാലത്തെ വാട്ടർ ബില്ല് ഇത്രമാത്രം ഉയർന്നത് എന്ന ആശങ്കയിൽ നിന്ന ഇവർക്ക് ഒടുവിൽ ബന്ധപ്പെട്ട അധികാരികൾ തന്നെ ഉത്തരം നൽകി. തങ്ങളുടെ ഭാഗത്ത് നിന്നും വന്ന ഒരു തെറ്റല്ല ഇത്. മറിച്ച് മാസങ്ങളായി ഇവരുടെ വീട്ടിലെ ഒരു പൈപ്പിനുള്ള ചോർച്ച ശ്രദ്ധിക്കാതെ പോയതാണ് കാരണം. അതായത് പൈപ്പ് ചോർന്ന് പാഴായിപ്പോയ വെള്ളത്തിന്‍റെ തുകയായിരുന്നു ബില്ലില്‍ കണ്ട ലക്ഷങ്ങൾ.
തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പെട്ടെന്ന് കുറഞ്ഞതിനെ തുടർന്ന് സംശയം തോന്നിയ ക്ലെയർ, ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്രയും തുക വാട്ടർ ബില്ലായി തന്‍റെ അക്കൗണ്ടിൽ നിന്നും പോയ കാര്യം അറിയുന്നത്. പൈപ്പ് എവിടെയെങ്കിലും ചോർച്ച ഉണ്ടാകുമെന്ന് വാട്ടർ അതോറിറ്റി ഇവരോട് പറഞ്ഞെങ്കിലും അത്തരത്തിൽ ഒരു ചോർച്ച കണ്ടെത്താനാന്‍ ക്ലെയറിനായില്ല. തുടർന്ന് വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ തന്നെ എത്തി പരിശോധന നടത്തിയപ്പോഴാണ് പൈപ്പ് ചോർന്നത് പുറത്ത് എവിടെയുമില്ല ഇന്‍റേണൽ പ്ലംബിംഗിൽ എവിടെയോയാണെന്ന് കണ്ടെത്തിയത്. എന്നാൽ തന്‍റെ ഭാഗത്ത് നിന്നും വന്ന ഒരു പിഴവു കൊണ്ടല്ലാതെ വെള്ളം ഇത്രമാത്രം പാഴായതിന് താൻ എന്തിന് പണം നൽകണം എന്നാണ് ക്ലെയറിന്‍റെ ചോദ്യം. പ്രശ്നപരിഹാരത്തിനായി ക്ലെയറുമായി ചർച്ചകൾ നടത്തി വരികയാണെന്നും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്നും വെൽഷ് വാട്ടർ അതോറിറ്റിയും അറിയിച്ചു.