ചുപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന് മികച്ച വില്ലനുള്ള ദാദാ സാഹിബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്.
മലയാളത്തിലെ അഭിനേതാക്കളുടെ ഇടയില്‍നിന്ന് ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ താരമാണ് ദുല്‍ഖര്‍ .ഹിന്ദിയില്‍ എന്റെ ആദ്യ പുരസ്കാരം.മാത്രമല്ല, നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള ആദ്യ പുരസ്കാരവും. ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. ദുല്‍ഖര്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിക്കുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റു വാങ്ങിയ ചുപ്പ് ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ്. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ലഭിച്ച അവാര്‍ഡ് മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം നല്‍കുന്നു.
ആര്‍. ബാല്‍കി രചനയും സംവിധാനവും നിര്‍വഹിച്ച ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. സണ്ണി ഡിയോള്‍ ആണ് മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഒ. ടി. ടി പ്ലാറ്റ് ഫോമില്‍ സ്ട്രീം ചെയ്തിട്ടുണ്ട്.