ന്യൂയോര്‍ക്ക്: നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ പിക്ചര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം അമേരിക്കയിലെ ഇന്ത്യന്‍വംശജനായ കാര്‍ത്തിക് സുബ്രഹ്‌മണ്യത്തിന്.
അലാസ്‌കയിലെ ചില്‍കാറ്റ് ബാള്‍ഡ് ഈഗിള്‍ സങ്കേതത്തില്‍ വെച്ച് കാര്‍ത്തിക് പകര്‍ത്തിയ ‘പരുന്തുകളുടെ നൃത്തം’ എന്ന ചിത്രമാണ് അംഗീകാരത്തിന് അര്‍ഹമായത്. മീന്‍വേട്ടക്കിറങ്ങിയ പരുന്തുകള്‍ മരക്കൊമ്ബിനായി നടത്തുന്ന പോരാണ് ചിത്രത്തില്‍.
അയ്യായിരത്തോളം മത്സരാര്‍ഥികളില്‍ നിന്നാണ് കാര്‍ത്തിക്കിനെ വിജയിയായി പ്രഖ്യാപിച്ചത്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ മേയ് ലക്കത്തില്‍ കാര്‍ത്തിക്കിന്റെ ചിത്രങ്ങളുമുണ്ടാകും. സാല്‍മണ്‍ മത്സ്യങ്ങളെ ഭക്ഷിക്കാന്‍ നവംബറില്‍ ഒട്ടേറെ പരുന്തുകള്‍ ഇവിടെയെത്താറുണ്ട്. 2020ലെ കൊവിഡ് ലോക്‌ഡൗണ്‍ സമയത്താണ് സോഫ്‌റ്റ്‌വെയര്‍ എന്‍ജിനിയറായിരുന്ന കാര്‍ത്തിക് വന്യജീവി ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.