ഹേതാറാം സത്നാമി എന്ന ഭിന്നശേഷിക്കാരനായ യുവാവ് താമസിക്കുന്നത് ഒഡീഷയിലെ നുവാപദയിലുള്ള ഒരു വിദൂര ഗ്രാമത്തിലായിരുന്നു. അദ്ദേഹത്തിന് സർക്കാരിൽ നിന്നും കിട്ടുന്ന തന്റെ പെൻഷൻ വാങ്ങണമെങ്കിൽ വലിയ കാട്ടിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചേ മതിയാകൂവായിരുന്നു.
എന്നാൽ, സത്നാമിക്ക് ആ യാത്ര വേണ്ടി വന്നില്ല. ഭലേശ്വർ പഞ്ചായത്തിലെ ഭുത്കപദ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട്ടിൽ ഇത്തവണ ഒരു ഡ്രോൺ ആ പണം എത്തിച്ചു. ഗ്രാമത്തിലെ സർപഞ്ചാണ് ഡ്രോണിന്റെ സഹായത്തോടെ ആ പണം സത്നാമിന്റെ വീട്ടിൽ എത്തിച്ചത്. ‘അതെനിക്ക് വലിയ സമാധാനം തന്നെ ആയിരുന്നു. പഞ്ചായത്ത് ഓഫീസ് ഗ്രാമത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ആയിരുന്നു. അതാണെങ്കിൽ കാടിനാൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നു’ എന്ന് സത്നാമി പറയുന്നു. മധു ബാബു പെൻഷൻ യോജന പ്രകാരമുള്ള പെൻഷനാണ് അദ്ദേഹത്തിന് ഡ്രോൺ വഴി കിട്ടിയത്.
സത്നാമിയുടെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോൾ താൻ ഓൺലൈനിൽ ഒരു ഡ്രോൺ വാങ്ങുകയായിരുന്നു എന്ന് സർപഞ്ച് ആയ സരോജ് അഗർവാൾ പറയുന്നു. ‘ഞങ്ങളുടെ പഞ്ചായത്ത് പരിധിയിൽ കാടിനാൽ ചുറ്റപ്പെട്ട ഒരു ഗ്രാമമുണ്ട്, ഭുത്കപദ. അവിടെ ഭിന്നശേഷിക്കാരനായ ഹേതാറാം സത്നാമി എന്ന യുവാവ് താമസിക്കുന്നു. ജനനം മുതൽ അദ്ദേഹത്തിന് ചലനശേഷി ഉണ്ടായിരുന്നില്ല’ എന്ന് സരോജ് പറഞ്ഞു.
പിന്നീട്, പെൻഷന് വേണ്ടിയുള്ള പദ്ധതിയില്‍ സത്നാമിനെ ഉൾപ്പെടുത്തിയതിന് പിന്നാലെ മറ്റ് സ്ഥലങ്ങളിൽ എങ്ങനെയാണ് ഡ്രോൺ വഴി സാധനങ്ങൾ എത്തിക്കുന്നത് എന്ന് സരോജ് മനസിലാക്കി. അങ്ങനെയാണ് ഓൺലൈനിൽ ഡ്രോൺ ഓർഡർ ചെയ്യുന്നത്. പണം സത്നാമിന്റെ വീട്ടുപടിക്കൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം എന്നും സരോജ് പറഞ്ഞു.
ഇവിടെ ഉള്ള ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശുഭദർ പ്രധാൻ പറയുന്നത് സർപ്രഞ്ച് മാത്രം മുൻകയ്യെടുത്താണ് ഡ്രോൺ വാങ്ങിയത്, അത് വാങ്ങാനായി സർക്കാരിൽ നിന്നും നിലവിൽ പണമൊന്നും ഇല്ല എന്നാണ്. മരുന്ന്, ഭക്ഷണം, പലചരക്ക് സാധനങ്ങൾ തുടങ്ങിയവയെല്ലാം എത്തിക്കുന്നതിന് വിവിധ ഇടങ്ങളിൽ ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.