രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ കര്‍ഷകരെ ചര്‍ച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ ആറാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് അടിയന്തര ചര്‍ച്ച.
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന് അമിത് ഷാ ഫോണില്‍ വിളിച്ചാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഡല്‍ഹി-മീറട് ദേശീയപാതയില്‍ പ്രതിഷേധിക്കുന്ന ചില കര്‍ഷക നേതാക്കളും പങ്കെടുക്കമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതുതായി പാസാക്കിയ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുകയില്ലെന്ന് നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍. ഈ ഒരു തീരുമാനത്തിലാണ് കഴിഞ്ഞ് അഞ്ച് ഘട്ടങ്ങളിലായി നടന്ന് ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.കൂടാതെ എല്ലാ സംഘടനകളെയും ക്ഷണിക്കാത്തതില്‍ സമരക്കാര്‍ക്കിടയില്‍ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തു. കെ.കെ രാഗേഷ് എം.പി, കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം താന്‍ വീട്ടുതടങ്കലിലാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് സുഭാഷിണി അലി പറഞ്ഞു.