ഇയര്‍ഫോണുകളും ഹെഡ്‌ഫോണുകളും അമിതമായി ഉപയോഗിക്കുന്നത് വഴി കേള്‍വിശക്തി നഷ്ടമാക്കാനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യുവാക്കള്‍ക്കിടയിലാണ് കേള്‍വിശക്തി നഷ്ടമാകാനുള്ള സാധ്യത കൂടുതലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവ ദീര്‍ഘനേരം ഉപയോഗിക്കുന്നതിനെതിരേ സംസ്ഥാനങ്ങളും മെഡിക്കല്‍ കോളേജുകളും പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇയര്‍ഫോണിന്റെയും ഹെഡ്‌ഫോണിന്റെയും അമിതമായ ഉപയോഗം കാരണം ‘‘തിരിച്ചറിയാന്‍ കഴിയാത്ത കേള്‍വിക്കുറവിന്’’ കാരണമാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികളുടെ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഡോ. അതുല്‍ ഗോയല്‍ അയച്ച കത്തില്‍ ഊന്നിപ്പറയുന്നു. ഫെബ്രുവരി 20നാണ് ഇത് സംബന്ധിച്ച് ഡിജിഎച്ച്എസ് സംസ്ഥാനങ്ങൾക്കും മെഡിക്കൽ കോളേജുകൾക്കും കത്ത് നല്‍കിയത്. ടി വിയും മൊബൈലും ഉള്‍പ്പെടെയുള്ളവ തുടര്‍ച്ചയായി കാണുന്നത് തലച്ചോറിന്റെ ബുദ്ധി വികാസം വൈകിപ്പിക്കുമെന്നും സാമൂഹിക ഇടപെടലിനെയും ആശയവിനിമയത്തെയും ബാധിക്കുകയും ചെയ്യുമെന്നും കത്തിൽ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
50 ഡെസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കാത്ത ഓഡിയോ ഉപകരണങ്ങള്‍ ഉപയോഗിക്കാനും എന്നാല്‍ അവ രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തുടർച്ചയായി ശബ്ദം കേള്‍ക്കുന്ന കാര്യങ്ങളില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ഇടവേളയെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു. നന്നായി ഘടിപ്പിച്ചതും അമിതമായി ശബ്ദമുണ്ടാക്കുമ്പോള്‍ അത് റദ്ദാക്കുന്നതോ ആയ ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കാനും പ്രൊഫ. ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ ഗെയിമിംഗില്‍ ഏര്‍പ്പെടുമ്പോള്‍ പതിവായി ഉച്ചത്തിലുള്ള ആവേശകരമായ ശബ്ദങ്ങള്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കൂടാതെ, കുട്ടികളുടെ സോഷ്യല്‍ മീഡിയയുടെ ഉപയോഗം പരിമിതപ്പെടുത്താനും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
പൊതുപരിപാടികളെക്കുറിച്ചും അദ്ദേഹം ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു വേദികളിലെ പരമാവധി ശരാശരി ശബ്ദനില 100 ഡെസിബല്‍ കവിയരുതെന്നും ശാന്തമായ മേഖലകളിലേക്ക് ആളുകള്‍ക്ക് സൗകര്യപ്രദമായ പ്രവേശനം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് അദ്ദേഹം നിര്‍ദേശിച്ചു.
‘‘ഇയര്‍ഫോണുകളുടെയും ഹെഡ്‌ഫോണുകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട കേള്‍വിക്കുറവാണ് പ്രധാനം. എന്നാല്‍ പലപ്പോഴും മിക്കവരും അവഗണിക്കുന്ന ആരോഗ്യപ്രശ്‌നമാണിത്. പ്രത്യേകിച്ച് ചെറുപ്പക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഓഡിയോ ഉപകരണങ്ങളിലൂടെ ഉച്ചത്തില്‍ പാട്ടുകളും മറ്റ് ശബ്ദങ്ങളും ദീര്‍ഘനേരം അമിതമായി ഉപയോഗിക്കുന്നത് ഭേദപ്പെടുത്താന്‍ കഴിയാത്ത കേള്‍വിക്കുറവിന് കാരണമാകുമെന്ന് അടുത്തിടെ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്,’’ അദ്ദേഹം പറഞ്ഞു. കേള്‍വിക്കുറവ് നേരത്തെ കണ്ടെത്തുന്നതിനായി പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത കേള്‍വിക്കുറവ് സംഭവിച്ചുകഴിഞ്ഞാല്‍ ശ്രവണസഹായികളോ കോക്ലിയര്‍ ഇംപ്ലാന്റുകളോ ഉപയോഗിച്ച് സാധാരണയുള്ള കേള്‍വി ശക്തി ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയില്ല. കൂടാതെ ചെറിയ പ്രായത്തില്‍ തന്നെ ചെവിയില്‍ തുടര്‍ച്ചയായ മൂളലുണ്ടാകുന്നത്(ടിന്നിടസ്) പലവിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും.
ഇയര്‍ഫോണുകളുടെയും ഇയര്‍പ്ലഗുകളുടെയും ദീര്‍ഘകാല ഉപയോഗം മൂലം കേള്‍വിക്കുറവും മൂളലും (ടിന്നിടസ്) തടയാന്‍ സംസ്ഥാനങ്ങളും മെഡിക്കല്‍ കോളേജുകളും 10 നടപടികള്‍ സ്വീകരിക്കണമെന്നും പ്രൊഫ. ഗോയല്‍ കത്തില്‍ ആവശ്യപ്പെട്ടു.
കുട്ടികള്‍ക്കിടയിലെ ഓണ്‍ലൈന്‍ ഗെയിമിംഗും സോഷ്യല്‍ മീഡിയ ഉപയോഗവും കുറയ്ക്കാന്‍ വീടുകളിലും സാമൂഹിക ഇടപെടലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആളുകള്‍ ഒത്തുകൂടുന്ന സമയം വര്‍ധിപ്പിക്കണമെന്നും അത് സംബന്ധിച്ച് ആളുകളില്‍, പ്രത്യേകിച്ച് മാതാപിതാക്കളില്‍ അവബോധം സൃഷ്ടിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.