സിവില്‍ വേഷത്തിലെത്തിയ രണ്ട് സായുധ റിസര്‍വ് പോലീസ് കോണ്‍സ്റ്റബിള്‍മാരാണ് ചിക്കനോ മുട്ടയോ നല്‍കണമെന്ന് വാശിപിടിച്ചത്. ഹോട്ടല്‍ ജീവനക്കാരോട് ഇവര്‍ തര്‍ക്കിക്കുന്നതും ബഹളം വെയ്ക്കുന്നതും അടങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ചെന്നൈ താംബരത്തിനടുത്ത് പുതുവാഞ്ചേരിയിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
പോലീസുകാര്‍ ആദ്യം ആദ്യം ചിക്കന്‍ റൈസാണ് ജീവനക്കാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ വെജിറ്റേറിയന്‍ ഹോട്ടലാണെന്ന് പറഞ്ഞപ്പോള്‍ മുട്ട വെജിറ്റേറിയന്‍ ആണെന്ന് പറഞ്ഞ് അത്താഴത്തിന് എഗ് റൈസ് വേണമെന്ന് ഇരുവരും വാശിപിടിച്ചു. ഇവര്‍ മദ്യപിച്ചാണ് ഹോട്ടലിലെത്തിയത്. ബഹളം രൂക്ഷമായതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് രണ്ട് പേരേയും താക്കീത് നല്‍കി വിട്ടയച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് താംബരം കമ്മീഷണറേറ്റ് പോലീസ്.