കൊച്ചി: കാസർകോട്ട് ഷവർമ കഴിച്ച കുട്ടി മരിച്ച പശ്ചാത്തലത്തിൽ ഷവർമ ഷോപ്പുകളിൽ നിരന്തര പരിശോധന ആവശ്യമെന്ന് ഹൈക്കോടതി.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും അറിയിക്കാനും സർക്കാരിനോട് നിർദേശിച്ചു. ഭക്ഷ്യസുരക്ഷാനിയമം കർശനമായി നടപ്പാക്കുന്നതിൽ സ്വീകരിച്ച നടപടികളാണ് അറിയിക്കേണ്ടത്.
കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ദേവനന്ദയെന്ന പെൺകുട്ടി മരിച്ചസംഭവത്തിൽ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സർക്കാരിന്റെ റിപ്പോർട്ടിനായി ഹർജി പത്തുദിവസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.