തിരുവനന്തപുരം• മങ്കിപോക്സ് ഭീഷണിയെ തുടർന്ന് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. രോഗലക്ഷണങ്ങളുള്ള രാജ്യാന്തരയാത്രക്കാർ ഉടൻ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണം. 21 ദിവസം വരെ സ്വയം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. എല്ലാ ജില്ലകളിലും ഐസലേഷൻ വാർഡുകളും സജ്ജമാക്കും. മെഡിക്കൽ കോളജുകളിൽ പ്രത്യേക സൗകര്യമൊരുക്കും.
മങ്കിപോക്സിനെതിരെ മാസങ്ങൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടും രോഗബാധ സംശയിക്കപ്പെട്ട സമയത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ വിമർശന വിധേയമാകുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ എത്രയാളുകളുണ്ടെന്ന കാര്യത്തിൽ വ്യത്യസ്ത കണക്കുകളാണ് സംസ്ഥാന ആരോഗ്യവിഭാഗവും കൊല്ലം ജില്ലാ അധികൃതരും നൽകുന്നത്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെയെല്ലാം കണ്ടെത്താനായിട്ടില്ല. റൂട്ട് മാപ്പിലും പൊരുത്തക്കേടുകളുണ്ട്. രോഗബാധ സംശയിക്കപ്പെട്ട ശേഷവും മുൻകരുതലെടുക്കാതെ ടാക്സിയിൽ യാത്ര ചെയ്യേണ്ടി വന്ന സാഹചര്യവും ഗുരുതര വീഴ്ചയാണ്.
അതേസമയം, മാർഗനിർദേശങ്ങൾ നൽകുന്നതിനായി കേരളം സന്ദർശിക്കുന്ന കേന്ദ്ര വിദഗ്ധ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകൾ സന്ദർശിക്കും. ആരോഗ്യവകുപ്പ് ഉന്നതരുമായും കൂടിക്കാഴ്ച നടത്തും. മങ്കിപോക്സ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽപെട്ടവർക്കാർക്കും ഇതുവരെ രോഗലക്ഷണങ്ങളില്ല.