100 പേരുടെ മണാലി യാത്രയുടെ ചെലവ് വഹിച്ച് വിജയ്‍ ദേവെരകൊണ്ട,

0
74

ആരാധകരോട് വളരെ സജീവമായി ഇടപെടുന്ന താരങ്ങളില്‍ ഒരാളാണ് വിജയ് ദേവെരകൊണ്ട. ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാനും വിജയ് ദേവരകൊണ്ട പലപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ആരാധകര്‍ക്ക് താരം നല്‍കിയ ഒരു സമ്മാനത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മണാലി യാത്ര സ്‍പോണ്‍സര്‍ ചെയ്‍താണ് താരം ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

നൂറ് ആരാധകരുടെ മണാലി യാത്രയ്ക്കായാണ് താരം ചെലവ് വഹിക്കുന്നത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന ആരാധകരുടെ വീഡിയോ തനിക്ക് അയച്ചുകിട്ടിയത് വിജയ് ദേവെരകൊണ്ട തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. മുമ്പ് തെരഞ്ഞെടുത്ത 50 ആരാധകര്‍ക്ക് താരം പ്രത്യേക ഉപഹാരം സമ്മാനിച്ചിരുന്നു. 100 ആരാധകര്‍ക്ക് 10000 രൂപ താരം ക്രിസ്‍മസ് സമ്മാനമായും ഒരിക്കല്‍ നല്‍കിയിട്ടുണ്ട്.

വിജയ് ദേവെരകൊണ്ടയുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘ഖുഷി’യാണ്. ശിവ നിര്‍വാണ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമന്തയാണ് നായികയായി ചിത്രത്തില്‍ എത്തുന്നത്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും വേഷമിടുന്നു.

വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. ‘ലൈഗര്‍’ എന്ന ചിത്രം പരാജയമായിരുന്നു. രമ്യാ കൃഷ്‍ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്‍പാണ്ഡേ, ചങ്കി പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. വിഷ്‍ണു ശര്‍മ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here