ലോഡ്ജില്‍ യുവസൈനികന്‍ ജീവനൊടുക്കിയതില്‍ ഉത്തരംകിട്ടാതെ നാട്

0
57

പാലക്കാട് മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശി കെ ബിജിത്ത് ജീവനൊടുക്കിയത് കുടുംബത്തിനും നാട്ടുകാര്‍ക്കും ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. രണ്ടര മാസത്തെ അവധിക്ക് ശേഷം കശ്മീരിലെ ക്യാമ്പിലേക്ക് യാത്ര പറഞ്ഞുമടങ്ങിയ സഹോദരന്‍ ഇനി തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് മൂത്ത സഹോദരന്‍ ബിപിന്‍ദേവ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബിജിത്തിനെ കോഴിക്കോട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 12-നാണ് ബിജിത്ത് ക്യാമ്പിലേക്ക് തിരിച്ചത്. മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു യാത്ര. ഡല്‍ഹിയിലെത്തിയശേഷം വീട്ടിലേക്ക് വിളിച്ചെന്നും ബിപിന്‍ദേവ് പറയുന്നു. എന്നാല്‍, ബിജിത്ത് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് ശ്രദ്ധയില്‍പെട്ട ഓഫീസര്‍ രാത്രി തന്നെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു. പിന്നാലെ ബിജിത്തിനെ വിളിച്ച് കാര്യം തിരക്കി. തത്കാലം ക്യാമ്പിലേക്ക് പോകുന്നില്ലെന്നും എല്ലാം വന്നിട്ട് പറയാമെന്നും മറുപടി നല്‍കി ബിജിത്ത് ഫോണ്‍ വെച്ചു. എന്നാല്‍ ഒന്നും പറയാന്‍ നിക്കാതെ ബിജിത്ത് ജീവിതം അവസാനിപ്പിച്ചു.

നാട്ടിലോ ക്യാമ്പിലോ ബിജിത്തിന് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ പറയുന്നു. എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന സ്വഭാവമായതിനാല്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അറിയുമായിരുന്നുവെന്നും ബിപിന്‍ദേവ് കൂട്ടിച്ചേര്‍ത്തു. ബിജിത്ത് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്തെന്ന് കണ്ടെത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

ബിടെക് പൂര്‍ത്തിയായതിന് പിന്നാലെ വണ്ടൂരിലുള്ള മിലിട്ടറി പരിശീലനക്യാമ്പില്‍ ചേര്‍ന്ന് എഴുത്തുപരീക്ഷയും കായികക്ഷമതാപരീക്ഷയും പാസായാണ് ബിജിത്ത് മിലിട്ടറിയില്‍ ചേര്‍ന്നത്. നാടിന് പ്രിയങ്കരനായിരുന്ന സൈനികനെ അവസാനമായി കാണാന്‍ നാട്ടുകാരും സുഹൃത്തുക്കളും അടങ്ങുന്ന വന്‍ ജനക്കൂട്ടം തന്നെ എത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് നാട്ടുകല്‍ മണലുംപുറത്തെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് തള്ളച്ചിറയിലുള്ള സമുദായ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം പരാതി നല്‍കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here