ദക്ഷിണാഫ്രിക്കയില്‍ നിന്നുളള 12 ചീറ്റകളെ കൂടി സ്വാഗതം ചെയ്യാന്‍ ഒരുങ്ങി മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്ക് (KNP). മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും ചേര്‍ന്നാണ് ചീറ്റപ്പുലികളെ അവരുടെ ക്വാറന്റൈന്‍ പരിധിയിലേക്ക് വിടുക. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെയും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ സി-17 വിമാനം രാവിലെ ഗ്വാളിയോര്‍ എയര്‍ബേസിലെത്തും. തുടര്‍ന്ന് ഇവയെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോകും. ഈ ചീറ്റകളിൽ 7 ആണും 5 പെണ്ണും ഉൾപ്പെടുന്നു.
നേരത്തെ കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ 8 ചീറ്റകളെ നമീബിയയിൽ നിന്ന് കുനോയിൽ എത്തിച്ചിരുന്നു. ശനിയാഴ്‌ച രാവിലെ ഗ്വാളിയോറിലെത്തുന്ന ചീറ്റകളെ ഇന്ത്യൻ എയർഫോഴ്‌സിന്റെ പ്രത്യേക ഹെലികോപ്റ്ററുകളിലാവും 165 കിലോമീറ്റർ അകലെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ട് വരിക. തുടർന്ന് അവയെ ക്വറന്റൈനിൽ പ്രവേശിപ്പിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
ദക്ഷിണാഫ്രിക്കൻ ചീറ്റകൾക്കായി 10 ക്വാറന്റൈൻ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കെഎൻപി ഡയറക്‌ടർ ഉത്തം ശർമ്മ പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. വന്യജീവി സങ്കേതത്തിലെ ക്രമീകരണങ്ങൾ അറിയാൻ കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കെഎൻപി സന്ദർശിച്ചിരുന്നു.
ചീറ്റപ്പുലികളുടെ വരവ് സംബന്ധിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കഴിഞ്ഞ മാസം ധാരണാപത്രം ഒപ്പുവച്ചിരുന്നു.ഓരോ ചീറ്റയ്ക്കും 3000 യുഎസ് ഡോളർ ഇന്ത്യ ദക്ഷിണാഫ്രിക്കൻ സർക്കാരിന് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ഈ ദക്ഷിണാഫ്രിക്കൻ ചീറ്റകളെ എയർലിഫ്റ്റ് ചെയ്യാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നാൽ ചില കാരണങ്ങളാൽ കരാർ ഒപ്പിടുന്നത് വൈകിയതോടെ തീരുമാനം നീളുകയായിരുന്നു.
ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ ചീറ്റകളുടെ ആരോഗ്യത്തെക്കുറിച്ച് വിദഗ്‌ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇവയെ ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട കാലതാമസമായിരുന്നു ഇതിന് കാരണം. കഴിഞ്ഞ ജൂലൈ 15 മുതൽ ഇവ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇതാണ് അവയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശങ്ക ഉണ്ടാവാൻ കാരണമായത്.