പുകവലിയ്ക്കുന്നവർക്കും കൊളസ്‌ട്രോളും, പ്രമേഹവമുള്ള പ്രായമായവര്‍ക്കും മാത്രമാണ് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുന്നതെന്ന സ്ഥിതി ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഇന്ന് 25 വയസ്സ് പ്രായമുള്ളവര്‍ക്ക് വരെ ഈ രോഗം ബാധിക്കുന്നുണ്ട്. ജീവിതരീതിയിലെ മാറ്റങ്ങളും ഭക്ഷണ ശീലങ്ങളും ആണ് ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്. യുവാക്കളില്‍ വളരെയധികം പേരെ ഇപ്പോള്‍ പക്ഷാഘാതം ബാധിക്കാറുണ്ട്.
ലോകത്തെ മരണനിരക്കില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു രോഗമാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 13 മില്യണ്‍ പേരാണ് ഈ രോഗം ബാധിച്ച് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഏകദേശം 5.5 മില്യണ്‍ പേര്‍ ആ രോഗം ബാധിച്ച് വര്‍ഷം തോറും മരിക്കുന്നുമുണ്ട്. ഇന്ത്യയില്‍ സ്ഥിതി കുറച്ചുകൂടി ഗുരുതരമാണ്. ഇന്ത്യയില്‍ ഓരോ 40 സെക്കന്റിലും ഒരാള്‍ക്ക് വീതം സ്‌ട്രോക്ക് ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്താണ് സ്‌ട്രോക്ക്
തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും ഇതോടെ തലച്ചോറിന് ആവശ്യമായ ഓക്‌സിജനും മറ്റ് പോഷക ഘടകങ്ങളും രക്തത്തില്‍ നിന്ന് ലഭിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നശിക്കാന്‍ തുടങ്ങും. ഇത് ശരീരത്തെ ദോഷകരമായി ബാധിക്കും. മരണം വരെ സംഭവിക്കാവുന്നതാണ്.
ഏറ്റവും സാധാരണയായി കാണപ്പെടുന്ന സ്‌ട്രോക്ക് ആണ് ischemic stroke. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ബ്ലോക്കുണ്ടാകുന്നത് മൂലമുണ്ടാകുന്ന സ്‌ട്രോക്ക് ആണിത്. യുവാക്കളില്‍ സ്‌ട്രോക്ക് ഉണ്ടാക്കുന്ന മറ്റൊരു പ്രധാന കാരണം Subarachnoid hemorrhage (SAH), Intracranial hemorrhage എന്നിവയാണ്. യുവാക്കളില്‍ 40 മുതല്‍ 55 ശതമാനം പേര്‍ക്കും സ്‌ട്രോക്ക് വരാനുള്ള കാരണവും മേല്‍പ്പറഞ്ഞ അവസ്ഥയാണ്.
രോഗലക്ഷണം
ശരീര ക്ഷീണമുണ്ടാകുകയോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം അനക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. യുവാക്കളില്‍ മറ്റ് ചില ലക്ഷണങ്ങളും കാണാറുണ്ട്. മുഖചലനത്തിലെ മാറ്റം, കൈകള്‍ക്കുണ്ടാകുന്ന ക്ഷീണം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണം.
മറ്റ് ലക്ഷണങ്ങള്‍
1. പെട്ടെന്നുണ്ടാകുന്ന ആശങ്ക
2. സംസാരിക്കുന്നതിലും മനസ്സിലാക്കുന്നതിലുമുള്ള ബുദ്ധിമുട്ട്.
3. കാഴ്ചക്കുറവ്
4. തലകറക്കം, നടക്കുമ്പോള്‍ ബാലന്‍സ് ഇല്ലാതാകുക
5. പെട്ടെന്ന് ഉണ്ടാകുന്ന തലവേദന.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജീവിതരീതിയിലേയും ആഹാക്രമത്തിലേയും മാറ്റങ്ങളാണ് ഇത്തരം രോഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം. പുകവലി, മദ്യപാനം, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, പാരമ്പര്യരോഗം, അപസ്മാരം, പൊണ്ണത്തടി, വ്യായായ്മില്ലായ്മ തുടങ്ങിയവയെല്ലാം നിങ്ങളെ സ്‌ട്രോക്കിലേക്ക് എത്തിച്ചേക്കാം. മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, എന്നിവയും പക്ഷാഘാതമുണ്ടാകാന്‍ കാരണമാകാറുണ്ട്.
സ്‌ട്രോക്ക് – പരിഹാരമാര്‍ഗ്ഗങ്ങള്‍
നിരവധി മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് സ്‌ട്രോക്ക് സാധ്യതകള്‍ കുറയ്ക്കാന്‍ കഴിയുന്നതാണ്. നിങ്ങളുടെ ജീവിതരീതിയില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കുക.
1. ആരോഗ്യകരമായ ഒരു ആഹാര രീതി തെരഞ്ഞെടുക്കുക. പായ്ക്കറ്റ് ഭക്ഷണങ്ങൾ പൂര്‍ണ്ണമായും ഒഴിവാക്കുക. ടൈപ്പ് 2 പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഉള്ളവര്‍ കൂടുതൽ ശ്രദ്ധിക്കുക.
2. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി നീക്കി വെയ്ക്കുക. പൊണ്ണത്തടി, കുറയ്ക്കാന്‍ ഇത് സഹായിക്കും. ഇതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും.
3. പുകവലിക്കുന്നവരില്‍ സ്‌ട്രോക്ക് സാധ്യത മറ്റുള്ളവരെക്കാള്‍ ഇരട്ടിയാണ്. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം.
4. പ്രമേഹമുള്ളവര്‍ സ്ഥിരമായി പരിശോധനകള്‍ നടത്തേണ്ടതാണ്.
5. മുമ്പ് സ്‌ട്രോക്ക് വന്നിട്ടുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള എല്ലാ മരുന്നുകളും പരിശോധനകളും കൃത്യമായി ചെയ്യേണ്ടതാണ്.
സമയം വളരെ വിലപ്പെട്ടതാണ്
സ്‌ട്രോക്ക് ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയാല്‍ ഒട്ടും സമയം പാഴാക്കാതെ തന്നെ ആശുപത്രിയിലെത്തി ചികിത്സ ലഭ്യമാക്കേണ്ടതാണ്. ഇത് മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ സ്‌ട്രോക്ക് ലക്ഷണങ്ങളെപ്പറ്റിയും കാരണങ്ങളെപ്പറ്റിയും മറ്റുള്ളവരെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്.