കുവൈത്ത് സിറ്റി: ഫിലിപ്പീന്‍സ് ഡിപ്പാര്‍ട്മെന്റ് ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ (ഡി.ടി.ഐ) നിന്നുള്ള വ്യാപാര പ്രതിനിധി സംഘം അല്‍ റായിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.
ഫിലിപ്പീന്‍സ് എംബസി ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടായിരുന്നു. സന്ദര്‍ശക സംഘത്തെ കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികള്‍ സ്വീകരിച്ചു. ഉല്‍പന്നങ്ങളുടെ കയറ്റുമതി വിപുലീകരിക്കുന്നതിനും പുതിയ ഇടങ്ങള്‍ കണ്ടെത്തുന്നതിനും ഫിലിപ്പീന്‍സ് സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് സന്ദര്‍ശനം.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍, ഫിലിപ്പീന്‍സ് ഭക്ഷണങ്ങളുടെയും മറ്റ് ഉല്‍പന്നങ്ങളുടെയും ഇറക്കുമതി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ ഇരുപക്ഷവും കൈമാറി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിലവില്‍ 300ലധികം ബ്രാന്‍ഡുകളും ഫിലിപ്പീന്‍സില്‍ നിന്നുള്ള 2,000ത്തിലധികം ഉല്‍പന്നങ്ങളും വില്‍പന നടത്തുന്നുണ്ട്. ഫിലിപ്പീന്‍സില്‍ സ്വന്തം സോഴ്‌സിങ് ഓഫിസും ഉണ്ടെന്ന് പ്രതിനിധികള്‍ അറിയിച്ചു.
ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അല്‍ റായ് ഔട്ട്‌ലെറ്റ് നോക്കിക്കണ്ട ഫിലിപ്പീന്‍സ് സംഘം, ഫിലിപ്പീന്‍സില്‍ നിന്നുള്ള വിശാലമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കാണാനായതില്‍ സന്തോഷം പ്രകടിപ്പിച്ചു. ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചയുടെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫിലിപ്പീന്‍സ് ഉല്‍പന്നങ്ങളുടെ മെഗാ പ്രമോഷന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഫിലിപ്പീന്‍സ് ബ്രാന്‍ഡുകളുടെ വിശാലമായ ഇനങ്ങളും അതിശയകരമായ ഓഫറുകളും കിഴിവുകളും പ്രമോഷനില്‍ ഉണ്ടാകും. ഫെബ്രുവരി 17 മുതല്‍ 26 വരെ കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും പ്രമോഷന്‍ നടക്കും.