ഷാറൂഖ് ഖാന്‍, ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘പഠാന്‍’ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം ഇതിനോടകം തന്നെ 950 കോടിയോളം കളക്ഷന്‍ നേടിക്കഴിഞ്ഞു. ഇപ്പോള്‍ ഇതാ വാലന്റൈന്‍സ് ദിനത്തില്‍ #AskSRK സെഷനിലൂടെ ആരാധകര്‍ക്ക് സസ്‌പെന്‍സ് നല്‍കിയിരിക്കുകയാണ് ബോളിവുഡിലെ ബാദ്ഷ.
#AskSRK സെഷനില്‍ ആരാധകര്‍ക്ക് അവരുടെ മനസിലുള്ള ഏത് ചോദ്യവും ഷാറൂഖ് ഖാനോട് ചോദിക്കാം. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഷാറൂഖ് ഖാനും മടി കാണിക്കാറില്ല. പഠാന്‍ സിനിമയിലെ ‘പഠാന്‍’ എന്ന ഗാനത്തിന് വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ചുവടുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോ പങ്കുവെച്ച് കൊണ്ട് ആരാധകരില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന് ഷാറൂഖ് നല്‍കിയ മറുപടി വൈറലാകുകയാണ്.
കോഹ്ലിയുടെയും ജഡേജയുടെയും പഠാന്‍ നൃത്തത്തെ കുറിച്ച് എന്തെങ്കിലും പറയണമെന്നായിരുന്നു ആരാധകന്റെ ആവശ്യം. ‘അവര്‍ എന്നെക്കാളും മികച്ച രിതിയിലാണ് ചെയ്യ്തിരിക്കുന്നത്, അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്’ എന്നായിരുന്നു ഷാറൂഖ് ഖാന്റെ മറുപടി. ആരാധകന്‍ പങ്കുവച്ച കോഹ്ലിയുടെയും ജഡേജയുടെയും ഡാന്‍സ് വീഡിയോയും ചോദ്യവും കൂടി ഷെയര്‍ ചെയ്താണ് ഷാറൂഖ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഗൗരി ഖാന് ആദ്യമായി നല്‍കിയ വാലന്റൈന്‍ ദിന സമ്മാനത്തെ കുറിച്ചായിരുന്നു ഒരു ആരാധകന്റെ ചോദ്യം. തന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇപ്പോള്‍ 34 വര്‍ഷമായെന്നും ഒരു ജോഡി പിങ്ക് പ്ലാസ്റ്റിക് കമ്മലുകളാണ് താന്‍ ആദ്യമായി നല്‍കിയതെന്നുമായിരുന്നു കിംഗ് ഖാന്റെ മറുപടി. അമിതാഭ് ബച്ചനെ കുറിച്ച് ഒറ്റ വാക്കില്‍ എന്ത് പറയുമെന്ന ചോദ്യത്തിന് ഒരേയൊരു ഇതിഹാസമെന്നും ഹൃത്വിക് റോഷന് അയക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശമെന്താണെന്ന ചോദ്യത്തിന് ‘ഫൈറ്ററി’ന് വേണ്ടി കാത്തിരിക്കുകയാണെന്നും ഷാറൂഖ് മറുപടി നല്‍കി.