ദില്ലിയിലും മുംബൈയിലും ബിബിസി ഓഫീസുകളിൽ ആദായ നികുതി പരിശോധന

0
62

ദില്ലി: ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

ദില്ലിയിൽ എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യൻ ഭാഷാ ചാനലുകളുടെ വരുമാന  രേഖകളും പരിശോധിക്കുന്നു. ഇന്ന് രാവിലെ 10.30 ന് 12 ഉദ്യോഗസ്ഥർ മൂന്ന് കാറുകളിലായി ബിബിസിയുടെ മുംബൈ ഓഫീസിൽ എത്തി. മുംബൈയിൽ ബിബിസി സ്റ്റുഡിയോ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ബിബിസി ന്യൂസിന് മുംബൈയിൽ മറ്റൊരു ഓഫീസ് ഉണ്ട്. ഇവിടെ റെയ്ഡ് നടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ജീവനക്കാരുടെ പക്കൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാക്കപ്പ് എടുത്ത് വ്യക്തികൾക്ക് തിരികെ കൈമാറുമെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ വിശദീകരണം നൽകി. അക്കൗണ്ട്, ധനകാര്യ ഡിപ്പാർട്ട്മെൻ്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

ബിബിസി പരിശോധനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. വിനാശ കാലേ  വിപരീത ബുദ്ധിയെന്നാണ് ജയറാം രമേശിന്റെ പരിഹാസം. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെന്നൈയിലും നാൽപ്പതോളം ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഓഫീസുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. നാല് വൻകിട സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന. ജീവനക്കാരെ ഓഫീസുകളിൽ കടക്കാൻ അനുവദിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here