അരീക്കോട്: സൈക്കിളില്‍ കേരളം ചുറ്റിക്കറങ്ങാന്‍ യാത്ര തിരിച്ച് അരീക്കോടുനിന്ന് ഒരു പിതാവും മകളും. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശിയായ സൈക്കിള്‍ സഞ്ചാരി സഹ്‍ല പരപ്പനും പിതാവ് സക്കീര്‍ ഹുസൈനുമാണ് യാത്ര തിരിച്ചത്.
കീഴുപറമ്ബിലെ അഗതി മന്ദിരത്തിലെ അന്തേവാസികള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഗ്രഹത്തോടെ തിങ്കളാഴ്ച രാവിലെയാണ് യാത്ര ആരംഭിച്ചത്. പതിവ് യാത്രകളില്‍നിന്ന് വ്യത്യസ്തമായി സമൂഹത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്ന ഒരുകൂട്ടം ആളുകളെ ചേര്‍ത്ത് പിടിക്കണം എന്ന സന്ദേശവുമായാണ് ഇരുവരും യാത്ര പോകുന്നത്. ഒരു വര്‍ഷം മുമ്ബ് സഹ്‍ല കേരളത്തില്‍നിന്ന് സുഹൃത്തുക്കളുമായി സൈക്കിളില്‍ കശ്മീരിലെത്തി താരമായിരുന്നു.
കീഴുപറമ്ബില്‍നിന്ന് ആരംഭിച്ച യാത്ര ആദ്യം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിക്കും. അവിടെ നിന്ന് പാല്‍ചുരം വഴി കണ്ണൂരിലൂടെ കാസര്‍കോട്ടേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര ഏകദേശം 550 കിലോമീറ്റര്‍ സൈക്കിളില്‍ താണ്ടി തിരുവനന്തപുരത്ത് എത്തും. ഇവിടെ നിന്ന് ജന്മനാടായ തച്ചണ്ണയിലേക്ക് എത്തുന്നതോടെയാണ് യാത്ര പൂര്‍ത്തിയാവുക. വൃദ്ധസദനങ്ങള്‍, അംഗവൈകല്യം ബാധിച്ചവര്‍ എന്നിങ്ങനെ സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തിയവരെയാണ് പ്രധാനമായും ഇവര്‍ യാത്രയില്‍ അടുത്തറിയുക. എന്റെ ആദ്യയാത്രക്ക് നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ എല്ലാ പിന്തുണയും നല്‍കിയത് പിതാവാണ്. അദ്ദേഹത്തിനോടൊപ്പം യാത്ര പോകാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് സഹ്‍ല മാധ്യമത്തോട് പറഞ്ഞു. കേരളത്തെ ശരിക്കും അറിയണമെന്നും അതാണ് ഞാന്‍ മകളോടൊപ്പമുള്ള യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും ഹോട്ടല്‍ തൊഴിലാളി കൂടിയായ സക്കീര്‍ പറഞ്ഞു.