കൊച്ചി: രണ്ട് സാഗരറാണികളും നെഫര്‍റ്റിറ്റിയും അടക്കമുള്ള ആഡംബരനൗകകള്‍ക്കൊപ്പം കൊച്ചിയുടെ ജലപ്പരപ്പ് കീഴടക്കാന്‍ ‘സൂര്യാംശു’വും ഒരുങ്ങി.
കേരളത്തിലെ ആദ്യ സൗരോര്‍ജ വിനോദസഞ്ചാരയാനമായ സൂര്യാംശു കൊച്ചി കായലില്‍ സഞ്ചാരികളെ വരവേല്‍ക്കും. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെഎസ്‌ഐഎന്‍സി) ഉടമസ്ഥതയിലുള്ള യാനം ഏപ്രില്‍ നാലിന് വൈകിട്ട് നാലിന് ഹൈക്കോടതി ജങ്ഷനിലെ കെഎസ്‌ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍നിന്ന് കന്നിയാത്ര നടത്തും.
ശ്രീലങ്കയിലെ സൊലാസ് മറൈന്‍ ലങ്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന കപ്പല്‍നിര്‍മാണ സ്ഥാപനമാണ് നിര്‍മിച്ചത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ‘സൂര്യാംശു’ എന്ന പേര് കെഎസ്‌ഐഎന്‍സി നല്‍കുകയായിരുന്നു. ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാന്‍ ഇരട്ട ‘ഹള്‍’ ഉള്ള ആധുനിക കറ്റമരന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഡെക്കിലായി എയര്‍കണ്ടീഷന്‍ യാനത്തില്‍ നൂറുപേര്‍ക്ക് സഞ്ചരിക്കാം. 2021 നവംബറില്‍ കൊച്ചിയിലെത്തിച്ച ‘സൂര്യാംശു’വിനെ മിനുക്കുപണികളും സാങ്കേതികപരിശോധനകളും പൂര്‍ത്തിയാക്കിയാണ് ഓളപ്പരപ്പില്‍ ഇറക്കുന്നത്.