കങ്കണയുടെ സിനിമാ ജീവിതം നിലനിൽക്കുന്നത് സ്വജന പക്ഷപാതത്തിൽ; വിമശിച്ച് നഗ്മ

0
99

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ നടി കങ്കണ നടത്തിയ സ്വജന പക്ഷപാത പരാമർശങ്ങള്‍ അവരെ തുറന്ന് കാണിക്കുകയാണെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ നഗ്മ. കങ്കണയുടെ സിനിമാ ജീവിതം തന്നെ നിലനിൽക്കുന്നത് സ്വജനപക്ഷപാതത്തിന്റെ നെടുംതൂണിലാണെന്ന് നഗ്മ കുറിക്കുന്നു. ആദിത്യ പഞ്ചോളിക്കും ഹൃത്വികിനും മഹേഷ് ഭട്ടിനുമൊപ്പമുള്ള കങ്കണയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് നഗ്മ ട്വീറ്റ് ചെയ്തത്.

ബോളിവുഡിലേക്ക് കങ്കണയെ പരിചയപ്പെടുത്തിയത് ബോയ്ഫ്രണ്ടായിരുന്ന ആദിത്യ പഞ്ചോളിയായിരുന്നു എന്നാണ് ഒന്നാമത്തെ ആരോപണം. ആദ്യ സിനിമയുടെ നിർമാതാവ് മഹേഷ് ഭട്ടായിരുന്നു. ആദ്യ പ്രധാന വേഷം ഇമ്രാൻ ഹഷ്മിക്കൊപ്പമായിരുന്നു. ഹൃത്വികിനൊപ്പമുള്ള ചിത്രങ്ങളും പിന്നീട് സഹോദരിയെ മാനേജരാക്കിയതും ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. സുശാന്ത് മരിക്കുന്നത് വരെ അദ്ദേഹത്തെ സഹായിച്ചില്ല. പക്ഷേ മരണശേഷം സുശാന്തിനായി വാദിക്കുന്നു. കങ്കണയ്ക്ക് ഇഷ്ടമില്ലാത്തവർക്കെതിരെയും കങ്കണയൊരു കാപട്യക്കാരിയാണെന്നും നഗ്മ പങ്കുവച്ച ട്വീറ്റിൽ ചേർത്തിരിക്കുന്നു.

ഇതിന് പിന്നാലെ ആരാണ് കാപട്യക്കാരിയെന്ന് ജനങ്ങൾക്കറിയാമെന്നും മറുപടി പറയേണ്ട കാര്യമില്ലെന്നുമായിരുന്നു കങ്കണയുടെ സോഷ്യൽ മീഡിയ ടീം ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് നഗ്മ ഉന്നയിച്ച ഓരോ ആരോപണവും അവർ നിഷേധിച്ചു. ആദിത്യ പഞ്ചോളി ഒരിക്കലും ബോയ്ഫ്രണ്ടായിരുന്നില്ലെന്നും ഉപദേഷ്ടാവാകാം എന്ന് പറഞ്ഞെത്തി ഒരുപാട് ദ്രോഹിച്ചുവെന്നും ടീം പറയുന്നു. ഓഡീഷന് പോയാണ് കങ്കണ ഗ്യാങ്സ്റ്ററിലേക്ക് എത്തിയത്. ക്രിഷ് ചെയ്യാൻ കങ്കണയ്ക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല.

കങ്കണയെ ഒരു ഏജൻസിയും ഏറ്റെടുക്കാനന്‍ തയ്യാറായിരുന്നില്ല. വിവാഹ ചടങ്ങുകളിൽ കാശുവാരിയെറിയുന്നിടത്ത് കങ്കണ നൃത്തം ചെയ്യാൻ പോകാറില്ലായിരുന്നു, ഫെയർനെസ് ക്രീമുകളുടെ പരസ്യം ഏറ്റെടുത്തിരുന്നില്ല. കങ്കണയെ സഹായിക്കുന്നതിനായാണ് സഹോദരി രംഗോലി മാനേജരായതെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് നഗ്മ ഉയർത്തുന്നതെന്നും കങ്കണയുടെ ട്വിറ്റർ ഹാൻഡിൽ ചെയ്യുന്ന ടീം വ്യക്തമാക്കുന്നു. നിരവധി ആരാധകരാണ് ഇരുവരെയും പിന്തുണച്ച് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here