1991 മേയ് 21 നാണ്, അന്ന് പത്തൊമ്പതുകാരനായ പേരറിവാളന്റെ ജീവിതത്തിലെ 31 കൊല്ലങ്ങൾ കവർന്നെടുത്ത രാജീവ്ഗാന്ധി വധമുണ്ടായത്. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാജീവ് ഗാന്ധി വധത്തിൽ എ.ജി. പേരറിവാളനും പ്രതി ചേർക്കപ്പെട്ടു. സ്ഫോടനത്തിനായി ഉപയോഗിച്ച ഒമ്പത് വോൾട്ടിന്റെ ബാറ്ററി കൈമാറിയത് പേരറിവാളനാണെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു പ്രതി ചേർക്കപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പേരറിവാളന്റെ അറസ്റ്റ്. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ ശിവരശന് ബെൽറ്റ് ബോംബ് നിർമിക്കാനുള്ള ബാറ്ററി നൽകിയത് പേരറിവാളനാണ് എന്നായിരുന്നു കേസ്.
ചെന്നൈ: ”നെറയെ യാത്രചെയ്യണം, നല്ല മനുഷ്യരെ കാണണമെന്ന് ആഗ്രഹമുണ്ട്. കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷം നാല് ചുമരുകൾക്കുള്ളിലായിരുന്നില്ലേ?”, രാജീവ്ഗാന്ധി വധക്കേസിൽ മോചനം ലഭിച്ചശേഷം പേരറിവാളൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
എല്ലാവരും വളരെ സ്നേഹത്തോടെയാണ് സമീപിക്കുന്നത്. ഇത്രയും കാലം എല്ലാവരുടേയും വീട്ടിലും കുടുംബങ്ങളിലും എന്നെ സ്നേഹത്തോടെ കാണാനുള്ള കാരണം അമ്മയാണ്. തമിഴ്നാട്ടിൽ ചെയ്തുതീർക്കാനുള്ള കടമകൾ തീർത്താലുടൻ കേരളത്തിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.