5 മിനിറ്റ് വെള്ളത്തിൽ ഇട്ടാൽ നിറം ഇളകി വെളുക്കും !

0
206

പാറശാല • 25 ടൺ റേഷനരി വരെ ദിവസവും അതിർത്തി കടന്ന് തമിഴ്നാട്ടി‍ൽ നിന്നെത്തി സ്വകാര്യ മില്ലുകളിൽ നിറം ചേർത്ത് മട്ട, കുത്തരി, ചമ്പാവ് ആയി രൂപം മാറി വിപണിയിൽ എത്തുമ്പോഴും കണ്ണടച്ച് അധികൃതർ. സംസ്ഥാന അതിർത്തിക്ക് സമീപം ഇഞ്ചിവിള, കളിയിക്കാവിള മേഖലകളിലെ സ്വകാര്യ ഗോഡൗണുകളിൽ സംഭരിക്കുന്ന റേഷൻ അരിയാണ് ഉൗരമ്പ്, പൂവാർ, ഉച്ചക്കട, പൂവച്ചൽ മേഖലകളിലെ മില്ലുകളിൽ എത്തുന്നത്. തമിഴ്നാട്ടിലും സംസ്ഥാനത്തും കിലോയ്ക്കു 12 രൂപ വരെ നിരക്കിൽ സംഭരിക്കുന്ന അരി 19 രൂപയ്ക്കാണു ഏജന്റുമാർ ഗോഡൗണുകൾക്കു നൽകുന്നത്.

ഇവിടെ നിന്നു നിർബാധം മില്ലുകളിലേക്കു കടത്തുന്നു, കളറും എണ്ണയും രാസവസ്തുക്കളും ചേർത്ത് ചൂടാക്കിയാണ് മട്ട, കുത്തരി, ചമ്പാവ് അരി എന്നീ രൂപത്തിലേക്കു മാറ്റുന്നത്. കളർ ചേർത്ത അരി 5 മിനിറ്റ് വെള്ളത്തിൽ ഇട്ടാൽ നിറം ഇളകി വെളുക്കും. ഭക്ഷ്യവസ്തുവിന്റെ ഗണത്തിൽപ്പെടാത്തതും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതുമായ കളർ ആണ് ചേർക്കുന്നത്. ഫുഡ് കോർപറേഷൻ ഒ‍ാഫ് ഇന്ത്യയുടെ സീൽ ഉള്ള ചാക്കുകളിൽ നിന്ന് റേഷനരി മാറ്റിക്കഴിഞ്ഞാൽ അത് റേഷനെന്നു തിരിച്ചറിയാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. ഭൂരിഭാഗം കടത്ത് കേസിലും പ്രതികൾ രക്ഷപ്പെടുന്നത് ഇതു മൂലമാണ്.

ആഴ്ചകൾക്ക് മുൻപ് പാറശാല പെ‍ാലീസ് രാത്രി പരിശോധനയിൽ തമിഴ്നാട്ടിൽ നിന്ന് എത്തിയ വാനിൽ സൂക്ഷിച്ചിരുന്ന 1200 കിലോ റേഷനരി പിടികൂടിയിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ഇഞ്ചിവിളയിലെ ഗോഡൗണിലേക്ക് എത്തിച്ചാതാണെന്നും മെ‍ാഴി നൽകി. പിടികൂടിയ അരിയിൽ റേഷനരിയുടെ സാന്നിധ്യം തെളിയിക്കാൻ കഴിയുന്നില്ലെന്ന് ആയിരുന്നു അരി പരിശോധിക്കാൻ എത്തിയ സിവിൽ സപ്ലൈസ് അധികൃതരുടെ മഹസർ റിപ്പോർട്ട്.

ഇതോടെ പിടിയിലായ വാഹനം കടത്തുകാരിൽ നിന്ന് നിസ്സാര തുക പെറ്റി ഈടാക്കി പെ‍ാലീസ് വിട്ടയച്ചു. ടൺ‌ കണക്കിനു റേഷനരി സംഭരിക്കുന്ന അഞ്ച് ഗോഡൗണുകൾ ഇഞ്ചിവിളയിൽ രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുമ്പോഴും ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം അറിയില്ലെന്നാണ് സിവിൽ സപ്ലൈസ് അധികൃതരുടെ വിശദീകരണം. റേഷൻ കടത്ത്, ഉപഭോക്താക്കളുടെ പരാതി എന്നിവ അറിയിക്കാൻ റേഷൻ കടകളിൽ തന്നെ പ്രദർശിപ്പിച്ചിട്ടുള്ള സപ്ലൈ ഒ‍ാഫിസർമാരുടെ ഒ‍ൗദ്യേ‍ാഗിക ഫോണുകൾ മിക്കസമയത്തും സ്വിച്ച്ഡ് ഓഫ് ആണെന്നും പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here