ചെന്നൈ: എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍.
കാലിന്റെ ലിഗമെന്റിന് പ്രശ്നമുള്ള തനിക്ക് ഒരു വീല്‍ചെയര്‍ കിട്ടാന്‍ ചെന്നൈ വിമാനത്താവളത്തില്‍ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നെന്ന് ഖുശ്‌ബു ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
മുട്ട് വേദനയോടെ വരുന്ന ഒരു യാത്രക്കാരനെ കൊണ്ട് പോകാന്‍ വേണ്ട അടിസ്ഥാന സൗകര്യമായ ഒരു വീല്‍ചെയര്‍ പോലും നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചില്ല. മറ്റൊരു എയര്‍ലൈന്‍സില്‍ നിന്നും വീല്‍ചെയര്‍ കൊണ്ടു വരുന്നത് വരെ കാലിന്റെ ലിഗമെന്റിന് പ്രശ്‌നമുള്ള എനിക്ക് 30 മിനിറ്റാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടതായി വന്നതെന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.
പോസ്റ്റില്‍ എയര്‍ ഇന്ത്യയേയും താരം ടാഗ് ചെയ്‌തിട്ടുണ്ട്. അതേസമയം ഖുശ്ബുവിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ഇന്ത്യയും മറുപടി നല്‍കി. വിഷയം ചെന്നൈ വിമാനത്താവളത്തിലെ സംഘവുമായി ബന്ധപ്പെട്ട് ഉടന്‍ പരിഹരിക്കാമെന്നും എയര്‍ലൈന്‍ റീട്വീറ്റ് ചെയ്തു.