തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിന്‍ ഒാടിക്കുന്നതിന് മുന്നോടിയായി 160കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഒാടിക്കാനുള്ള സാദ്ധ്യതാപഠനം നടത്താന്‍ റെയില്‍വേ ഉത്തരവിട്ടു.
ഡിസംബര്‍ 31ന് മുമ്ബ് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുള്ള ട്രാക്കില്‍ വേഗത്തില്‍ ഒാടിക്കുന്നതിന് എന്ത് മാറ്റങ്ങള്‍ വരുത്തണമെന്നാണ് പഠിക്കുന്നത്. നിലവില്‍ തിരുവനന്തപുരം മുതല്‍ കായംകുളം വരെ 110കിലോമീറ്ററും കായംകുളം മുതല്‍ തുറവൂര്‍ വരെ 90കിലോമീറ്ററും തുറവൂര്‍ മുതല്‍ എറണാകുളം വരെ 80കിലോമീറ്ററും എറണാകുളം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ 90കിലോമീറ്ററും ഷൊര്‍ണ്ണൂര്‍ മുതല്‍ മംഗലാപുരം വരെ 110കിലോമീറ്ററുമാണ് വേഗത.2025മാര്‍ച്ചിന് മുമ്ബ് ഷൊര്‍ണ്ണൂര്‍ മുതല്‍ മംഗലാപുരം വരെ 130കിലോമീറ്റര്‍ വേഗതയിലെത്തിക്കും. സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിനിന് പകരം നിലവിലുള്ള റെയില്‍വേ ട്രാക്കിലൂടെ വന്ദേഭാരത് ട്രെയിന്‍ 160കിലോമീറ്റര്‍ വേഗതയില്‍ ഒാടിക്കാനാണ് ശ്രമം. ഭാരം താങ്ങാനുള്ള ശേഷി ട്രാക്കിനുണ്ടാക്കുകയും ജനവാസ മേഖലകളില്‍ ട്രാക്കിന് രണ്ടുവശത്തും മതില്‍ നിര്‍മ്മിക്കുകയും വേണമെന്നാണ് റെയില്‍വേയുടെ ആവശ്യം.