ഉപ്പുതറ: വാഗമണ്ണിലെ ഇടവിട്ട ചാറ്റൽമഴയുടെ കുളിരും മലയിടുക്കുകളിൽനിന്ന് ഉയർന്നുപൊന്തുന്ന കോടമഞ്ഞും ദൂരക്കാഴ്ചകളും ആസ്വദിക്കാൻ ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള വിനോദസഞ്ചാരികളുടെ തിരക്കേറി.
ഏതാനും ദിവസങ്ങളായി തുടർന്നിരുന്ന ശക്തമായ മഴ രണ്ടുദിവസമായി പെയ്യുന്നില്ല. ഇപ്പോൾ ഇടവിട്ട സമയങ്ങളിൽ ചാറ്റൽമഴ മാത്രം. ഇതിന്റെ കുളിര് സഞ്ചാരികൾക്ക് ആകർഷകമാണ്.
മൊട്ടക്കുന്നുകളുടെ വശ്യതയും ആത്മഹത്യാമുനമ്പിൽനിന്നുള്ള വിദൂരദൃശ്യങ്ങളും ആസ്വദിക്കാൻ വരുംദിവസങ്ങളിലും കൂടുതൽ സഞ്ചാരികളെത്താനാണ് സാധ്യത. അതിനിടെ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് 17 ബൈക്കുകളിലെത്തിയ സഞ്ചാരികൾ മറ്റുള്ള സഞ്ചാരികൾക്ക് ഹരമായി.
‘ഡബ്ല്യു.ജി.സി.’ എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിലെത്തിയ ഇവർ സേവന പ്രവർത്തനങ്ങളും ഹെൽമറ്റ് ബോധവത്കരണവും ലക്ഷ്യമിട്ടാണ് എത്തിയത്. ജില്ലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവർത്തനം നടത്തും.