എറണാകുളം നഗരത്തിലെ വായുവില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ രാത്രിയില്‍ ശ്വാസ തടസം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി എരൂര്‍ സ്വദേശി എ രാജഗോപാല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇതേ തുടര്‍ന്ന് വായുവിലെ രാസ പദാര്‍ത്ഥത്തിന്‍റെ കാരണം കണ്ടെത്താന്‍ ദൗത്യസംഘത്തെ നിയമിക്കണെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ഗ്രീന്‍ ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തി. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മറ്റൊരു റിപ്പോര്‍ട്ട് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പുറത്ത് വിട്ടത്.
കൊച്ചിയിലേത് മലിനീകരണ പ്രശ്നമാണെങ്കില്‍ ഇനി പറയുന്ന റിപ്പോര്‍ട്ട് അന്തരീക്ഷ മലിനീകരണത്തെ പ്രതിരോധിക്കുന്നതിനെ കുറിച്ചാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പഠനം പറയുന്നത്, പ്രതിവര്‍ഷം 200 കോടി ടൺ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലോകത്ത് നീക്കം ചെയ്യപ്പെടുന്നുണ്ടെന്നാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ( CO2) നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. മാത്രമല്ല, ഈ രംഗത്ത് കൂടുതല്‍ നിക്ഷേപവും കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും കാര്‍ബണ്‍ മാലിന്യങ്ങളെ ആകിരണം ചെയ്ത് നീക്കം ചെയ്യുന്നതില്‍ ഇന്നും കൂടുതല്‍ പങ്ക് വഹിക്കുന്നത് മരങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.