ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യ സഞ്ചാരം സാധ്യമാക്കുന്നതിന് ഒരു സ്പേസ് ഷിപ്പ് നിർമിക്കാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്.
ഈ വാഹനം യാഥാർത്ഥ്യമായാൽ പോലും ചൊവ്വയിലേക്കുള്ള യാത്ര മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നിലവിൽ ഉപയോഗിച്ചുവരുന്ന വാഹനങ്ങളിൽ മണിക്കൂറിൽ 39600 കിമീ വേഗതയിൽ യാത്ര ചെയ്താൽ ഏഴ് മാസമെടുത്താലാണ് ചൊവ്വയിലെത്തുക.. എന്നാൽ ഭൗതിക ശാസ്ത്രജ്ഞരുടെ പുതിയ പദ്ധതി അനുസരിച്ച് ചൊവ്വയിലേക്കുള്ള യാത്ര മാസങ്ങളിൽ നിന്ന് ചുരുക്കം ചില ദിവസങ്ങളായി പരിമിതപ്പെടുത്താൻ സാധിച്ചേക്കും.
ന്യൂക്ലിയർ തെർമൽ ആന്റ് ന്യൂക്ലിയർ ഇലക്ട്രിക് പ്രൊപൽഷൻ (എൻടിപി/എൻഇപി)എന്നാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ പേര്. ഇതുവഴി ചൊവ്വയിലേക്ക് വെറും 45 ദിവസം കൊണ്ട് യാത്ര ചെയ്യാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വേവ് റോട്ടർ ടോപ്പിങ് സൈക്കിൾ സംവിധാനം ഉപയോഗിച്ചുള്ള ഈ ബൈമോഡൽ ന്യൂക്ലിയർ പ്രൊപ്പൽഷൻ സിസ്റ്റത്തിലൂടെ ചൊവ്വയിലേക്കുള്ള യാത്ര 45 ദിവസമായി ചുരുക്കാൻ സാധിക്കും. ഫ്ളോറിഡ സർവകലാശാലയിൽ ഹൈപ്പർസോണിക്സ് പ്രോഗ്രാം ഏരിയയുടെ മേധാവിയായ പ്രൊഫ. റയാൻ ഗോസ് ആണ് ഈ പദ്ധതി അവതരിപ്പിച്ചത്.
ബൈ മോഡൽ ന്യൂക്ലിയർ സംവിധാനത്തിലെ ആദ്യ രീതിയായ ന്യൂക്ലിയർ തെർമൽ പ്രൊപൽഷൻ സംവിധാനത്തിൽ ഒരു ന്യൂക്ലിയർ റിയാക്ടർ ഉപയോഗിച്ച് ദ്രവ ഹൈഡ്രജൻ ഇന്ധനത്തെ ചൂടാക്കി അയണൈസ് ചെയ്ത ഹൈഡ്രജൻ ഗ്യാസ് ആക്കി മാറ്റും. ഇത് കടത്തിവിട്ടാണ് റോക്കറ്റിന് ഉയരാൻ വേണ്ട ത്രസ്റ്റ് സൃഷ്ടിക്കുന്നത്. അതേസമയം എൻഇപിയിൽ ന്യൂക്ലിയർ റിയാക്ടർ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് റോക്കറ്റിന്റെ ത്രസ്റ്റ് സൃഷ്ടിക്കുന്നത്.
ഇന്ധനക്ഷമത ഉൾപ്പടെ നിലവിലുള്ള കെമിക്കൽ പ്രൊപ്പൽഷൻ സംവിധാനത്തേക്കാൾ ഒരു പാട് നേട്ടങ്ങൾ മുകളിൽ പറഞ്ഞ രീതികൾക്കുണ്ട്. എങ്കിലും ഈ സംവിധാനങ്ങളുടെ പരിമിതികളും നാസ പരിഗണിക്കുന്നുണ്ട്. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി 12500 ഡോളർ നാസ നൽകും.