ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് ഇന്ന് ആവേശത്തുടക്കം. വര്‍ണമനോഹരമായ ഉദ്ഘാടന ചടങ്ങുകളോടൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള തീപാറും പോരാട്ടവും ആദ്യ ദിനം നടക്കും. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകളും മത്സരവും നടക്കുന്നത്. എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ റുതുരാജ് ഗെയ്ക്‌വാദിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും ഇത്തവണ സിഎസ്‌കെ കളിക്കുക.
വൈകീട്ട് 6.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ നീണ്ട നിരയാണ് ഉദ്ഘാടന ചടങ്ങിന്റെ പ്രധാന സവിശേഷത. അക്ഷയ് കുമാര്‍, സോനു നിഗം, ടൈഗര്‍ ഷെറോഫ് എന്നിവരോടൊപ്പം എ ആര്‍ റഹ്‌മാന്റെ പ്രത്യേക സംഗീത പരിപാടിയും ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നിറം പകരും. ലൈറ്റുകളുടെ ഷോയും സ്‌റ്റേഡിയത്തിലുണ്ടാവും. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്.
കൂടാതെ 17ാം സീസണിന് ശേഷം ടി20 ലോകകപ്പും വരാനിരിക്കുന്നതിനാല്‍ ഇത്തവണത്തെ സീസണെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും കാണുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറാം കിരീടമിട്ട് ഇറങ്ങുമ്പോള്‍ ജയിച്ച് തുടങ്ങുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എംഎസ് ധോണിയില്ലാതെ ഇറങ്ങുമ്പോള്‍ സിഎസ്‌കെയ്ക്ക് പഴയ മികവ് കാട്ടാന്‍ സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.
റുതുരാജ് ഗെയ്ക് വാദിന് കീഴില്‍ പുതിയൊരു തുടക്കം സിഎസ്‌കെ പ്രതീക്ഷിക്കുന്നു. ധോണി പ്ലേയിങ് 11ലുണ്ടാവുമെന്നാണ് വിവരം. ആര്‍സിബിക്ക് ഇത്തവണത്തെ സീസണ്‍ അഭിമാന പ്രശ്‌നമാണ്. വനിതാ പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പെണ്‍നിരയാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണ കപ്പടിക്കേണ്ടത് പുരുഷ ടീമിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഫഫ് ഡുപ്ലെസിസിന് കീഴില്‍ ചരിത്ര കുതിപ്പ് ആര്‍സിബി പ്രതീക്ഷിക്കുന്നു.
വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരിലാണ് ഇത്തവണയും ആര്‍സിബിയുടെ പ്രതീക്ഷകള്‍. ആര്‍സിബി ബൗളിങ് നിര പതിവുപോലെ അല്‍പ്പം ദുര്‍ബലമാണ്. മുംബൈ ടീമില്‍ നിന്നെത്തിയ കാമറൂണ്‍ ഗ്രീന്‍ ഓള്‍റൗണ്ട് പ്രകടനം നടത്തി ഞെട്ടിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിക്കുക ആര്‍സിബിക്ക് വലിയ കടുപ്പമായിരിക്കും. തട്ടകത്തില്‍ സിഎസ്‌കെയുടെ റെക്കോഡുകള്‍ ഗംഭീരമാണ്.
നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്ക് കൃത്യമായ മുന്‍തൂക്കമുണ്ട്. 31 മത്സരം നേര്‍ക്കുനേര്‍ കളിച്ചപ്പോള്‍ 20 മത്സരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയിച്ചത്. 10 മത്സരം മാത്രമാണ് ആര്‍സിബിക്ക് ജയിക്കാനായത്. സിഎസ്‌കെയ്‌ക്കെതിരേ 70 റണ്‍സിന് പുറത്തായ ചരിത്രവും ആര്‍സിബിക്കുണ്ട്. 2022ലാണ് സിഎസ്‌കെയെ അവസാനമായി ആര്‍സിബി തോല്‍പ്പിച്ചത്. 2022ലെ രണ്ടാം മത്സരത്തിലും 2023ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ജയം സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു.