കോഴിക്കോട് : ഒളവണ്ണ പഞ്ചായത്തില്‍ ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ പാര്‍പ്പിട സമുച്ഛയ നിര്‍മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. പാര്‍പ്പിട സമുച്ഛയത്തിലേക്ക് റോഡ് നിര്‍മിച്ചത് തണ്ണീര്‍തടം നികത്തിയെന്ന് കണ്ടെത്തിയ റവന്യൂ അധികൃതര്‍, നിര്‍മാണം നിര്‍ത്തിവയ്ക്കാനായി നോട്ടീസ് നല്‍കി. എന്നാല്‍ ഇതും മറികടന്നാണിപ്പോൾ നിര്‍മാണം പൊടിപൊടിക്കുന്നത്. നിര്‍മാണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണ്.
കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഒളവണ്ണ വില്ലേജില്‍ തവിട്ടേരിക്കുന്ന് ഉള്‍പ്പെടുന്ന ഭാഗത്താണ് ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ പുതിയ പാര്‍പ്പിട സമുച്ഛയം ഉയരുന്നത്. ഒരു വന്‍കിട വികസന പദ്ധതി എന്ന നിലയില്‍ നാടിനും പഞ്ചായത്തിനും അത് നേട്ടമാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ മഴക്കാലത്ത് പ്രളയത്താല്‍ വലയുന്ന ഈ നാട്ടില്‍ കുന്നുകള്‍ ഇടിക്കുന്നതും തണ്ണീര്‍തടം നികത്തുന്നതും കണ്ടപ്പോഴാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. എതിര്‍പ്പുകള്‍ മറികടന്ന് നിര്‍മാണം തുടങ്ങിയപ്പോഴാകട്ടെ വായു-ശബ്ദ മലീനികരണം കൊണ്ട് പരിസരവാസികള്‍ക്ക് ജീവിക്കാന്‍ കഴിയാതെയുമായി. ഇതിനിടെയാണ് പദ്ധതി പ്രദേശത്തേക്ക് ഹൈലറ്റ് ഗ്രൂപ്പ് ദേശീയപാതയില്‍ നിന്ന് പുതിയൊരു റോഡ് നിര്‍മിച്ചത്. പരാതിയെ തുടര്‍ന്ന് സ്ഥലം പരിശോധിച്ച വില്ലേജ് അധികൃതര്‍ തണ്ണീര്‍തടം നികത്തിയാണ് റോഡ് നിര്‍മിക്കുന്നതെന്ന് കണ്ടെത്തി. നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കി. എന്നിട്ടും നിര്‍മാണം തുടര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. അതും ഫലം കാണാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.