ആനയെ കാണാൻ ഒരു കുല പഴവുമായാണു മന്ത്രി എ.കെ.ശശീന്ദ്രനും സംഘവും വന്നത്. വന്ന സ്ഥിതിക്ക് ആനയ്ക്ക് ഒരു പേരുകൂടി ഇട്ടാൽ നന്നാകുമെന്ന് ചീഫ് കൺസർവേറ്റർ കെ.വിജയാനന്ദാണ് മന്ത്രിയുടെ ചെവിയിൽ പറഞ്ഞത്. സാധാരണ ആനയ്ക്കിടുന്ന പേരാണ് പ്രതീക്ഷിച്ചതെങ്കിലും ‘ധോണി ’ എന്ന പേര് ഉറക്കെ പറഞ്ഞതോടെ നിറഞ്ഞ കയ്യടി.
നാട്ടുകാർ ‘ധോണിക്കുട്ടാ’ എന്ന് ഉച്ചത്തിൽ വിളിച്ചു. അടുത്ത ആനയ്ക്കു രോഹിത് ശർമ എന്നു പേരിടണമെന്ന കമന്റും വന്നു. കൂട്ടിലടച്ച ആനയെ ഇവിടെത്തന്നെ പരിചരിച്ചു മെരുക്കിയെടുക്കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മെരുക്കിയശേഷം സേവനം വേണ്ടിടത്തേക്ക് ആനയെ ലഭ്യമാക്കുന്നതു പരിഗണിക്കും.
വനംവകുപ്പ് സേനാംഗങ്ങളെയും ചീഫ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തെയും മന്ത്രി അഭിനന്ദിച്ചു. നടപടിയുമായി സഹകരിച്ച തദ്ദേശസ്ഥാപനങ്ങളെയും നാട്ടുകാരെയും ഇതര വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. കാടിറങ്ങിയ മറ്റു കാട്ടാനകളും വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിനനുസരിച്ചുള്ള തുടർനടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു കൂടുതൽ ആർആർടികളും വനം സ്റ്റേഷനുകളും വരും. ഇതിനായി ഇത്തവണത്തെ ബജറ്റിൽ അധിക തുക വനംവകുപ്പിനു ലഭിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വനംവകുപ്പിനു 2% അധിക വിഹിതം അനുവദിക്കണമെന്നു പ്ലാനിങ് ബോർഡും ശുപാർശ ചെയ്തിട്ടുണ്ട്.
സേനയുടെ ശക്തിയും പരിശീലനം ലഭിച്ചവരുടെ എണ്ണവും അടിയന്തരമായി ഉയർത്തണം. ചിലപ്പോൾ ബജറ്റ് പാസാക്കുന്നതിനു മുൻപു തന്നെ ഒന്നോ രണ്ടോ ആർആർടികൾ അനുവദിക്കും. ഇതു വനം ഉദ്യോഗസ്ഥർക്കുള്ള ഉറപ്പുകൂടിയാണ്. അവരെ രക്ഷിക്കും. നിയമപരമായ എല്ലാ സംരക്ഷണവും നൽകുമെന്നും മന്ത്രി പറഞ്ഞു.