ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഈ നാല് പച്ചക്കറികള്‍…

0
91

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. മനുഷ്യശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന അവയവം എന്നും ശ്വാസകോശത്തെ പറയാം. അതുകൊണ്ടുതന്നെ അവയെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ്  ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം.

പുകവലി  ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ  ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം…

ഒന്ന്…

ബീറ്റ്റൂട്ടാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നൈട്രേറ്റ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

രണ്ട്…

ചീര, ബോക്കോളി, മുരിങ്ങയില തുടങ്ങിയ പച്ചിലക്കറികള്‍ കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദത്തെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൂന്ന്… 

തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഇടയ്ക്ക് തക്കാളി ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം.

നാല്…

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. പച്ച കലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് കാണാറുണ്ട്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here