ദോഹ• ഫിഫ ലോകകപ്പിനെത്തുന്ന സന്ദര്‍ശകര്‍ക്ക് അത്യാഡംബര താമസാനുഭവം സമ്മാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ടാമത്തെ ക്രൂസ് ഷിപ്പ് ഹോട്ടലായ എംഎസ്‌സി പോയ്‌സിയയും ദോഹയിലെത്തി. ലോകകപ്പ് ആരാധകര്‍ക്ക് ആഡംബരപൂര്‍ണമായ ആതിഥ്യാനുഭവം പകരുകയെന്ന ലക്ഷ്യത്തോടെയാണ് എംഎസ്‌സി പോയ്‌സിയ ഇന്നലെ രാവിലെ ദോഹ തുറമുഖത്തു നങ്കൂരമിട്ടത്. ആദ്യ കപ്പലായ എംഎസ്‌സി വേള്‍ഡ് യൂറോപ്പ വ്യാഴാഴ്ച ദോഹയിലെത്തിയിരുന്നു. അത്യാധുനികമായ ചതുര്‍നക്ഷത്ര ഫ്ളോട്ടിങ് ഹോട്ടലാണ് എംഎസ്‌സി പോയ്‌സിയ. ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്കായി ആഡംബര സേവനങ്ങളാണ് ഈ ക്രൂസ് കപ്പലിലൊരുക്കിയിരിക്കുന്നത്.
കടലിനഭിമുഖമായി പരമ്പരാഗത കാബിനുകളും ബാല്‍ക്കണികളും ആഡംബര സ്യൂട്ടുകളുമടങ്ങിയ മുറികളും സവിശേഷമായ താമസാനുഭവം സമ്മാനിക്കും. എല്ലാ പ്രായത്തിലുമുളളവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിനോദ പരിപാടികള്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യ രുചികള്‍ എന്നിവയും ഈ ക്രൂസ് കപ്പലിന്റെ സവിശേഷതയാണ്. എംഎസ്സി പോയ്‌സിയയില്‍ 1,265 ക്യാബിനുകള്‍, 3 നീന്തല്‍ക്കുളങ്ങള്‍, സ്പാ, വെല്‍നസ് സെന്റര്‍, സിനിമ, പൂള്‍സൈഡ്, ടെന്നീസ്- ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, 15 കോഫി ഷോപ്പുകള്‍, ഇവന്റ് വേദികള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.