നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന സൗജന്യ പഠനസഹായ പദ്ധതിയായ ‘വിദ്യാമൃതം 2’ന് തുടക്കമായി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയാണ് വിദ്യാമൃതം. നിർധനരായ വിദ്യാർഥികളിൽ ആദ്യ ഘട്ടം തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളുടെ ലിസ്റ്റ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും രക്ഷാധികാരിയുമായ മമ്മൂട്ടി എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാന് കൈമാറി.
കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും അനാഥരാക്കിയ വിദ്യാർഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയാണ് വിദ്യാമൃതം 2. മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുക്കുന്നത്. പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാകും.