കെ- ഫോൺ (K-FON) സൗജന്യ ഇൻറർനെറ്റ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ

0
69

എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ- ഫോൺ (K-FON) സൗജന്യ ഇൻറർനെറ്റ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കും. പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനായിട്ടില്ലെങ്കിലും ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിലും ഇൻറർനെറ്റ് കണക്ഷൻ എത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് അധികൃതർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 9,000 വീടുകളിലും ഇതിനോടകം സൗജന്യ ഇൻറർനെറ്റ് കണക്ഷൻ എത്തിച്ചതായി കെ- ഫോൺ അധികൃതർ അവകാശപ്പെടുന്നു.

സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനാണ് കെ- ഫോൺ പദ്ധതി ആരംഭിച്ചത്. പ്രാരംഭഘട്ടമായി ഓരോ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും 100 വീടുകളിൽ കണക്ഷൻ എത്തിക്കുന്നതിനുള്ള ക്രമീകരണമാണ് ചെയ്തത്.

ഇങ്ങനെ തിരഞ്ഞെടുത്ത 14,000ത്തിൽ 9,000 വീടുകളിൽ ഇതിനോടകം ഇന്റർനെറ്റ് കണക്ഷൻ എത്തിക്കാൻ സാധിച്ചതായാണ് അവകാശവാദം. 30,000ത്തോളം സർക്കാർ ഓഫീസുകളിലും സൗജന്യ ഇൻറർനെറ്റ് സേവനം ഉറപ്പുവരുത്തും എന്നായിരുന്നു പ്രഖ്യാപനം. 20,492 സ്ഥലങ്ങളിൽ കേബിൾ കണക്ഷൻ ലഭ്യമാക്കിയതായും 18,700 സർക്കാർ ഓഫീസുകൾ ഇതിനോടകം പദ്ധതിയുടെ ഗുണഭോക്താക്കളായതായും കെ ഫോൺ എം ഡി സന്തോഷ് ബാബു ന്യൂസ് 18 നോട് പറഞ്ഞു.

റോഡ് വീതികൂട്ടൽ അടക്കമുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ 4,777കിലോമീറ്റർ ദൂരത്തിൽ കേബിൾ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നീക്കം കെ-ഫോൺ ഉപേക്ഷിച്ചതായും സന്തോഷ് ബാബു വ്യക്തമാക്കി.

മുൻ എൽഡിഎഫ് സർക്കാർ 1,548 കോടി രൂപയുടെ കെ-ഫോൺ പദ്ധതി 2019-ൽ ആരംഭിച്ചപ്പോൾ ഇന്റർനെറ്റ് കണക്ഷൻ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചിരുന്നു. ആറ് മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുത്ത സേവന ദാതാവായ കേരളാ വിഷനെ സർക്കാർ നൽകും. ഒരു കണക്ഷന് മാസം 124 രൂപയാണ് നിരക്ക്.

വിദ്യാഭ്യാസം, നൈപുണ്യ വികസനം, ബിസിനസ് അവസരങ്ങൾ എന്നിവയിൽ സാധ്യമായ അധിക നേട്ടങ്ങൾ കെ-ഫോണിന്റെ വിജയങ്ങളിൽ ഒന്നാണ്. ഇത് വരെ എത്താൻ പ്രയാസമുള്ള സ്ഥലങ്ങളിൽ കെ.ഫോൺ വഴി ഇന്റർനെറ്റിന്റെ ലഭ്യത ഉറപ്പാക്കിയിരുന്നു. ഇന്റർനെറ്റ് വഴി അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാവരേയും സജ്ജരാക്കുന്നതിന് വിവിധ തദ്ദേശ സ്ഥാപനങ്ങൾ മുഖേന സമൂഹത്തിന്റെ താഴേത്തട്ടിൽ എത്തുംവിധം ഡിജിറ്റൽ സാക്ഷരതാ കാമ്പെയ്‌നും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here