സ്വകാര്യ ഗ്രൂപ്പിന്‍റെ പാര്‍പ്പിട സമുച്ചയ നിര്‍മാണം:പൊറുതിമുട്ടി ജനം

0
51

കോഴിക്കോട്: സ്വകാര്യ ഗ്രൂപ്പിന്‍റെ വന്‍കിട പാര്‍പ്പിട സമുച്ചയ നിര്‍മാണത്തില്‍ പൊറുതിമുട്ടി പരിസരവാസികള്‍.രാപകലില്ലാതെയുളള സ്ഫോടനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളുംമൂലം ജീവിതം ദുസഹമായി മാറിയെന്ന് ഇവിടെ ജീവിക്കുന്നവര്‍ പറയുന്നു. രാത്രികാലങ്ങളില്‍ നിര്‍മാണം പാടില്ലെന്ന് പഞ്ചായത്തും മലീനികരണ നിയന്ത്രണ ബോര്‍ഡും നിര്‍ദ്ദേശിച്ചിട്ടും നിര്‍മാതാക്കള്‍ക്ക് കുലുക്കമില്ല.

ഒന്നുകിൽ കിട്ടുന്ന വിലയ്ക്ക് വസ്തുവിറ്റ് പോവുക അല്ലെങ്കിൽ ദുരിത ജീവിതം നയിച്ച് തുടരുക. കോഴിക്കോട് ദേശീയ പാതയോരത്ത് ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ വൻ കിട നിർമാണം നടക്കുന്നതിനു പരസരത്തെ കുടുംബങ്ങളുടെ സ്ഥിതി കഴിഞ്ഞ കുറെ കാലമായി ഇങ്ങനെയെല്ലാമാണ്. ഹൈലൈറ്റ് മാളിന് പരിസരത്ത് ഹൈലൈറ്റ് ഒളിംപസ് എന്ന പേരിലാണ് ബഹുനില അപാര്‍ട്ടുമെന്‍റുകളുടെ നിര്‍മാണം. നിരവധി പേരില്‍ നിന്നായി വസ്തു വാങ്ങിയായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. 20 ഏക്കറോളം ഭൂമി ഇടിച്ചു നിരത്തിയും പാറ സ്ഫോടനത്തിലൂടെ പൊട്ടിച്ചുനീക്കിയുമാണ് നിര്‍മാണം. മണ്ണ് നീക്കാനും പാറ പൊട്ടിക്കാനുമെല്ലാം അനുമതി വാങ്ങിയിട്ടുണ്ടെന്ന് കന്പനി പറയുന്പോഴും ഇതുമൂലം പെട്ടുപോയത് പരിസര വാസികളാണ്. ഇടതടവില്ലാത്ത നിര്‍മാണത്തെത്തുടര്‍ന്ന് വീടുകള്‍ക്ക് വിളളല്‍ വീഴുകയും പലരും രോഗികളാവുകയും ചെയ്തു. വീടുകള്‍ മാത്രമല്ല സമീപത്തെ അങ്കണവാടിയും അപകടാവസ്ഥയിലായി. ഇതോടെ നാട്ടുകാര്‍ പഞ്ചായത്തിന് മുന്നിലെ‍ത്തി. പഞ്ചായത്ത് പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തു.

രാത്രികാലങ്ങളിലെ നിര്‍മാണം നിര്‍ത്തി വയ്ക്കാൻ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇതെല്ലാം എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ രാപകലില്ലാതെ ഇവിടെ ഇപ്പോഴും നിര്‍മാണം പൊടിപൊടിക്കുന്നു. നിവൃത്തിയില്ലാതെ ജില്ലാ കളക്ടര്‍ക്ക് മുന്നിലും നാട്ടുകാര്‍ പലവട്ടം പോയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. എന്നാല്‍ രാത്രികാലങ്ങളില്‍ നിര്‍മാണം നടത്തുന്നില്ലെന്നാണ് ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ വാദം. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചല്ല പാറ പൊട്ടിക്കുന്നത്. പരിസരവാസികളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ നിര്‍മാണം നടത്താനാണ് ശ്രമിക്കുന്നതെന്നും കന്പനി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here