ralian open 2023: രണ്ടാം റൗണ്ട് മത്സരത്തിൽ അപ്രതീക്ഷിത പരാജയത്തെ തുടർന്ന് നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായി. തന്റെ 23-ാം ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ നദാൽ, റോഡ് ലേവർ അരീനയിൽ 4-6, 4-6, 5-7 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് 63-ാം റാങ്കുകാരനായ അമേരിക്കയുടെ മക്കെൻസി മക്‌ഡൊണാൾഡിനോടാണ് തോറ്റത്. രണ്ട് മണിക്കൂറും 32 മിനിറ്റും നീണ്ടുനിന്ന മത്സരം തുടർച്ചയായി പെയ്‌ത മഴയെത്തുടർന്ന് ഇൻഡോറിലാണ് നടന്നത്.
ഇടുപ്പിലെ വേദന അസഹ്യമായ നിലയിലാണ് നദാൽ മത്സരത്തിൽ പങ്കെടുത്തത്. രണ്ടാം സെറ്റിൽ അദ്ദേഹം പരിക്കിനെ തുടർന്ന് മെഡിക്കൽ ടൈംഔട്ട് എടുത്തു.സെറ്റ് 5-3 എന്ന നിലയിൽ നിൽക്കവേ ഫിസിയോയുമായി നദാൽ കോർട്ട് വിട്ടു. 2016 ലെ ഓസ്‌ട്രേലിയൻ ഓപ്പണിനിടെ ആദ്യ റൗണ്ട് മത്സരത്തിൽ ഫെർണാണ്ടോ വെർഡാസ്കോയ്‌ക്കെതിരെ അഞ്ച് സെറ്റുകൾക്ക് തോറ്റതിന് ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇത്ര നേരത്തെ നദാൽ പുറത്താവുന്നത് ആദ്യമായാണ്.
നദാലും മക്കെൻസിയും തമ്മിലുള്ള രണ്ടാമത്തെ മത്സരമായിരുന്നു ഇത്. 2020 ഫ്രഞ്ച് ഓപ്പണിൽ മക്കെൻസിക്കെതിരെ 6-1, 6-0, 6-3 എന്ന സ്കോറിന് നദാൽ വിജയം നേടിയിരുന്നു. എന്നാൽ 2020ലെ തോൽവിക്ക് പകരം വീട്ടാൻ മക്കെൻസിയ്ക്ക് ഇന്നാണ് അവസരം ലഭിച്ചത്. നദാലിന്റെ സെർവ് അഞ്ച് തവണ ഭേദിച്ച അമേരിക്കൻ താരം മൂന്നാം സെറ്റിൽ 5-5ന് അവസാന ബ്രേക്ക് സ്വന്തമാക്കിയിരുന്നു. പരിക്കിൽ വലഞ്ഞ നദാലിന്റെ വേഗതക്കുറവ് മക്കെൻസി മുതലെടുക്കുകയും ചെയ്‌തു.