തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ സുരക്ഷ ശക്തമാക്കാന്‍ നടപടിയുമായി ആഭ്യന്തര മന്ത്രാലയം. അദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷയും 33 സിആര്‍പിഎഫ് കമാന്‍ഡോകളെയും ഏര്‍പ്പെടുത്താനാണ് തീരുമാനം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.
അണ്ണാമലൈക്ക് നേരത്തെ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. ഇസഡ് കാറ്റഗറി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) കമാന്‍ഡോകളുടെ ഒരു സംഘം അദ്ദേഹത്തിന് സുരക്ഷയൊരുക്കും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അദ്ദേഹത്തിന് മാവോയിസ്റ്റുകളില്‍ നിന്നും മതതീവ്രവാദികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് ആരോപിച്ചിരുന്നു. അദ്ദേഹത്തിന് ലഭിച്ച ഭീഷണികള്‍ വിലയിരുത്തിയ ഇന്റലിജന്‍സ് ബ്യൂറോയാണ് (ഐബി) ഇസഡ് കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്.