ദക്ഷിണകൊറിയന്‍ പോപ്പ് ബാന്‍ഡായ ബിടിഎസിനെ കാണാനായി നാടുവിട്ട പെണ്‍കുട്ടികളെ കണ്ടെത്തി. പാകിസ്ഥാനിലെ കറാച്ചിയിലെ കൊരങ്കി മേഖലയില്‍ നിന്നാണ് 13 ഉം 14 ഉം വയസ്സുള്ള പെണ്‍കുട്ടികളെ കാണാതായത്. വീടുവിട്ടിറങ്ങിയ കുട്ടികളെ ലാഹോറില്‍ നിന്നാണ് പിടികൂടിയത്. ദക്ഷിണകൊറിയയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി.
ഏഴംഗ കൊറിയന്‍ കെ-പോപ് മ്യൂസിക് ബാന്‍ഡായ ബിഎടിഎസിന്റെ കടുത്ത ആരാധകരാണ് ഇരുവരും. ഇവരെ നേരിട്ട് കാണാനായി ദക്ഷിണകൊറിയയിലേക്ക് കടക്കാനുള്ള പദ്ധതികളടങ്ങിയ ഡയറി പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായി സീനിയര്‍ പോലീസ് സൂപ്രണ്ട് അബ്രായിസ് അലി അബ്ബാസി പറഞ്ഞു.
ഡയറിയില്‍ നിന്ന് ട്രെയിന്‍ സമയം ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്തിയിരുന്നു. മറ്റൊരു സുഹൃത്തിനെയും കൂടെ കൂട്ടാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഈ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെ പൊലീസിന് കൂടുതല്‍ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലാഹോറിലെ ട്രെയിനില്‍ വെച്ച് ഇരുവരെയും പിടികൂടിയത്. ലാഹോറിലെ പോലീസുമായി ഏകോപിപ്പിച്ച് പെണ്‍കുട്ടികളെ കറാച്ചിയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അബ്ബാസി അറിയിച്ചു.