കളമശ്ശേരിയിൽ നിന്നും 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി. ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി. ഹോട്ടൽ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി കണ്ടെത്തുന്നത്. മാസങ്ങൾ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉൾപ്പടെയുള്ള ചിക്കൻ വിഭവങ്ങൾ ഉണ്ടാക്കാൻ എത്തിച്ചതാണ് പിടികൂടിയ ഇറച്ചിയെന്നാണ് കരുതുന്നത്. കളമശ്ശേരി എച്ച്എംടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങൾ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയുന്നതായാണ് ലഭിക്കുന്ന വിവരം.
തമിഴ്നാട്ടിൽ നിന്നാണ് പഴയ കോഴിയിറച്ചി എത്തിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഫീസറുകളിൽ സൂക്ഷിച്ച മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.